1അന്നാളിൽ പല ജാതികളും യഹോവയോടു ചേർന്നു എനിക്കു ജനമായ്തീരും; ഞാൻ നിന്റെ മദ്ധ്യേ വസിക്കും; സൈന്യങ്ങളുടെ യഹോവ എന്നെ നിന്റെ അടുക്കൽ അയച്ചിരിക്കുന്നു എന്നു നീ അറികയും ചെയ്യും.
2യഹോവ വിശുദ്ധദേശത്തു യെഹൂദയെ തന്റെ ഓഹരിയായി കൈവശമാക്കുകയും യെരൂശലേമിനെ വീണ്ടും തിരഞ്ഞെടുക്കുകയും ചെയ്യും.
3സകലജഡവുമായുള്ളോരേ, യഹോവയുടെ മുമ്പിൽ മിണ്ടാതിരിപ്പിൻ; അവൻ തന്റെ വിശുദ്ധനിവാസത്തിൽനിന്നു എഴുന്നരുളിയിരിക്കുന്നു.
4അനന്തരം അവൻ എനിക്കു മഹാപുരോഹിതനായ യോശുവ, യഹോവയുടെ ദൂതന്റെ മുമ്പിൽ നില്ക്കുന്നതും സാത്താൻ അവനെ കുറ്റം ചുമത്തുവാൻ അവന്റെ വലത്തുഭാഗത്തു നില്ക്കുന്നതും കാണിച്ചുതന്നു.
5യഹോവ സാത്താനോടു: സാത്താനേ, യഹോവ നിന്നെ ഭർത്സിക്കുന്നു; യെരൂശലേമിനെ തിരഞ്ഞെടുത്തിരിക്കുന്ന യഹോവ തന്നേ നിന്നെ ഭർത്സിക്കുന്നു; ഇവൻ തീയിൽനിന്നു വലിച്ചെടുക്കപ്പെട്ട കൊള്ളിയല്ലയോ എന്നു കല്പിച്ചു.

6എന്നാൽ യോശുവ മുഷിഞ്ഞ വസ്ത്രം ധരിച്ചു ദൂതന്റെ മുമ്പിൽ നിൽക്കയായിരുന്നു.
7അവൻ തന്റെ മുമ്പിൽ നില്ക്കുന്നവരോടു: മുഷിഞ്ഞ വസ്ത്രം അവങ്കൽനിന്നു നീക്കിക്കളവിൻ എന്നു കല്പിച്ചു; പിന്നെ അവനോടു: ഞാൻ നിന്റെ അകൃത്യം നിന്നിൽനിന്നു പോക്കിയിരിക്കുന്നു; നിന്നെ ഉത്സവവസ്ത്രം ധരിപ്പിക്കും എന്നു അരുളിച്ചെയ്തു.
8അവന്റെ തലയിൽ വെടിപ്പുള്ളോരു മുടി വെക്കട്ടെ എന്നു അവൻ കല്പിച്ചു; അങ്ങനെ അവർ അവന്റെ തലയിൽ വെടിപ്പുള്ളോരു മുടി വെച്ചു. അവനെ വസ്ത്രം ധരിപ്പിച്ചു യഹോവയുടെ ദൂതനോ അടുക്കെ നിൽക്കയായിരുന്നു.
9യഹോവയുടെ ദൂതൻ യോശുവയോടു സാക്ഷീകരിച്ചതെന്തെന്നാൽ:
10സൈന്യങ്ങളുടെ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: നീ എന്റെ വഴികളിൽ നടക്കയും എന്റെ കാര്യം നോക്കുകയും ചെയ്താൽ നീ എന്റെ ആലയത്തെ പരിപാലിക്കയും എന്റെ പ്രാകാരങ്ങളെ സൂക്ഷിക്കയും ഞാൻ നിനക്കു ഈ നില്ക്കുന്നവരുടെ ഇടയിൽ ആഗമനം അനുവദിക്കയും ചെയ്യും.
You have read Zechariah 3
10 verses