1സമുദ്രത്തിലെ വൻ തിരകളായ പെരുവെള്ളങ്ങളുടെ മുഴക്കത്തെക്കാളും ഉയരത്തിൽ യഹോവ മഹിമയുള്ളവൻ.
2നിന്റെ സാക്ഷ്യങ്ങൾ എത്രയും നിശ്ചയമുള്ളവ; യഹോവേ, വിശുദ്ധി നിന്റെ ആലയത്തിന്നു എന്നേക്കും ഉചിതം തന്നേ.
3പ്രതികാരത്തിന്റെ ദൈവമായ യഹോവേ, പ്രതികാരത്തിന്റെ ദൈവമേ, പ്രകാശിക്കേണമേ.
4ഭൂമിയുടെ ന്യായാധിപതിയേ എഴുന്നേൽക്കേണമേ; ഡംഭികൾക്കു നീ പ്രതികാരം ചെയ്യേണമേ.
5യഹോവേ, ദുഷ്ടന്മാർ എത്രത്തോളം, ദുഷ്ടന്മാർ എത്രത്തോളം ഘോഷിച്ചുല്ലസിക്കും?

6അവർ ശകാരിച്ചു ധാർഷ്ട്യം സംസാരിക്കുന്നു; നീതികേടു പ്രവർത്തിക്കുന്ന ഏവരും വമ്പു പറയുന്നു.
7യഹോവേ, അവർ നിന്റെ ജനത്തെ തകർത്തുകളയുന്നു; നിന്റെ അവകാശത്തെ പീഡിപ്പിക്കുന്നു.
8അവർ വിധവയെയും പരദേശിയെയും കൊല്ലുന്നു; അനാഥന്മാരെ അവർ ഹിംസിക്കുന്നു.
9യഹോവ കാണുകയില്ല എന്നും യാക്കോബിന്റെ ദൈവം ഗ്രഹിക്കയില്ലെന്നും അവർ പറയുന്നു.
10ജനത്തിൽ മൃഗപ്രായരായവരേ, ചിന്തിച്ചുകൊൾവിൻ; ഭോഷന്മാരേ, നിങ്ങൾക്കു എപ്പോൾ ബുദ്ധിവരും?

11ചെവിയെ നട്ടവൻ കേൾക്കയില്ലയോ? കണ്ണിനെ നിർമ്മിച്ചവൻ കാണുകയില്ലയോ?
12ജാതികളെ ശിക്ഷിക്കുന്നവൻ ശാസിക്കയില്ലയോ? അവൻ മനുഷ്യർക്കു ജ്ഞാനം ഉപദേശിച്ചുകൊടുക്കുന്നില്ലയോ?
13മനുഷ്യരുടെ വിചാരങ്ങളെ മായ എന്നു യഹോവ അറിയുന്നു.
14യഹോവേ, ദുഷ്ടന്നു കുഴി കുഴിക്കുവോളം അനർത്ഥദിവസത്തിൽ നീ അവനെ വിശ്രമിപ്പിക്കേണ്ടതിന്നു
15നീ ശിക്ഷിക്കയും നിന്റെ ന്യായപ്രമാണം നീ ഉപദേശിക്കയും ചെയ്യുന്ന മനുഷ്യൻ ഭാഗ്യവാൻ.

16യഹോവ തന്റെ ജനത്തെ തള്ളിക്കളകയില്ല; തന്റെ അവകാശത്തെ കൈവിടുകയുമില്ല.
17ന്യായവിധി നീതിയിലേക്കു തിരിഞ്ഞുവരും; പരമാർത്ഥഹൃദയമുള്ളവരൊക്കെയും അതിനോടു യോജിക്കും.
18ദുഷ്കർമ്മികളുടെ നേരെ ആർ എനിക്കു വേണ്ടി എഴുന്നേല്ക്കും? നീതികേടു പ്രവർത്തിക്കുന്നവരോടു ആർ എനിക്കു വേണ്ടി എതിർത്തുനില്ക്കും?
19യഹോവ എനിക്കു സഹായമായിരുന്നില്ലെങ്കിൽ എന്റെ പ്രാണൻ വേഗം മൌനവാസം ചെയ്യുമായിരുന്നു.
20എന്റെ കാൽ വഴുതുന്നു എന്നു ഞാൻ പറഞ്ഞപ്പോൾ യഹോവേ, നിന്റെ ദയ എന്നെ താങ്ങി.

21എന്റെ ഉള്ളിലെ വിചാരങ്ങളുടെ ബഹുത്വത്തിൽ നിന്റെ ആശ്വാസങ്ങൾ എന്റെ പ്രാണനെ തണുപ്പിക്കുന്നു.
22നിയമത്തിന്നു വിരോധമായി കഷ്ടത നിർമ്മിക്കുന്ന ദുഷ്ടസിംഹാസനത്തിന്നു നിന്നോടു സഖ്യത ഉണ്ടാകുമോ?
23നീതിമാന്റെ പ്രാണന്നു വിരോധമായി അവർ കൂട്ടംകൂടുന്നു; കുറ്റമില്ലാത്ത രക്തത്തെ അവർ ശിക്ഷെക്കു വിധിക്കുന്നു.
You have read Psalms 94
23 verses