1നിന്റെ പുത്രന്മാർ നിന്റെ പിതാക്കന്മാർക്കു പകരം ഇരിക്കും; സർവ്വഭൂമിയിലും നീ അവരെ പ്രഭുക്കന്മാരാക്കും.
2ഞാൻ നിന്റെ നാമത്തെ എല്ലാ തലമുറകളിലും ഓർക്കുമാറാക്കും. അതു കൊണ്ടു ജാതികൾ എന്നും എന്നേക്കും നിനക്കു സ്തോത്രം ചെയ്യും.
3ദൈവം നമ്മുടെ സങ്കേതവും ബലവും ആകുന്നു; കഷ്ടങ്ങളിൽ അവൻ ഏറ്റവും അടുത്ത തുണയായിരിക്കുന്നു.
4അതുകൊണ്ടു ഭൂമി മാറിപ്പോയാലും പർവ്വതങ്ങൾ കുലുങ്ങി സമുദ്രമദ്ധ്യേ വീണാലും,
5അതിലെ വെള്ളം ഇരെച്ചു കലങ്ങിയാലും അതിന്റെ കോപംകൊണ്ടു പർവ്വതങ്ങൾ കുലുങ്ങിയാലും നാം ഭയപ്പെടുകയില്ല.

6ഒരു നദി ഉണ്ടു; അതിന്റെ തോടുകൾ ദൈവനഗരത്തെ, അത്യുന്നതന്റെ വിശുദ്ധനിവാസത്തെ തന്നേ, സന്തോഷിപ്പിക്കുന്നു.
7ദൈവം അതിന്റെ മദ്ധ്യേ ഉണ്ടു; അതു കുലുങ്ങിപ്പോകയില്ല; ദൈവം അതികാലത്തു തന്നേ അതിനെ സഹായിക്കും.
8ജാതികൾ ക്രുദ്ധിച്ചു; രാജ്യങ്ങൾ കുലുങ്ങി; അവൻ തന്റെ ശബ്ദം കേൾപ്പിച്ചു; ഭൂമി ഉരുകിപ്പോയി.
9സൈന്യങ്ങളുടെ യഹോവ നമ്മോടുകൂടെ ഉണ്ടു; യാക്കോബിന്റെ ദൈവം നമ്മുടെ ദുർഗ്ഗം ആകുന്നു. സേലാ.
10വരുവിൻ യഹോവയുടെ പ്രവൃത്തികളെ നോക്കുവിൻ; അവൻ ഭൂമിയിൽ എത്ര ശൂന്യത വരുത്തിയിരിക്കുന്നു!

11അവൻ ഭൂമിയുടെ അറ്റംവരെയും യുദ്ധങ്ങളെ നിർത്തൽചെയ്യുന്നു; അവൻ വില്ലൊടിച്ചു കുന്തം മുറിച്ചു രഥങ്ങളെ തീയിൽ ഇട്ടു ചുട്ടുകളയുന്നു.
You have read Psalms 46
11 verses