1നീ സിംഹിക്കു ഇര വേട്ടയാടിക്കൊടുക്കുമോ? ബാലസിംഹങ്ങളുടെ വിശപ്പടക്കുമോ?
2കാക്കകൂഞ്ഞുങ്ങൾ ഇരകിട്ടാതെ ഉഴന്നു ദൈവത്തോടു നിലവിളിക്കുമ്പോൾ അതിന്നു തീൻ എത്തിച്ചു കൊടുക്കുന്നതാർ?
3പാറയിലെ കാട്ടാടുകളുടെ പ്രസവകാലം നിനക്കറിയാമോ? മാൻ പേടകളുടെ ഈറ്റുനോവു നീ കാണുമോ?
4അവെക്കു ഗർഭം തികയുന്ന മാസം നിനക്കു കണക്കു കൂട്ടാമോ? അവയുടെ പ്രസവകാലം നിനക്കു അറിയാമോ?
5അവ കുനിഞ്ഞു കുട്ടികളെ പ്രസവിക്കുന്നു; ക്ഷണത്തിൽ വേദന കഴിഞ്ഞുപോകുന്നു.

6അവയുടെ കുട്ടികൾ ബലപ്പെട്ടു കാട്ടിൽ വളരുന്നു; അവ പുറപ്പെട്ടുപോകുന്നു; മടങ്ങിവരുന്നതുമില്ല.
7കാട്ടുകഴുതയെ അഴിച്ചുവിട്ടതു ആർ? വനഗർദ്ദഭത്തെ കെട്ടഴിച്ചതാർ?
8ഞാൻ മരുഭൂമിയെ അതിന്നു വീടും ഉവർന്നിലത്തെ അതിന്നു പാർപ്പിടവുമാക്കി.
9അതു പട്ടണത്തിലെ ആരവം കേട്ടു ചിരിക്കുന്നു; തെളിക്കുന്നവന്റെ ഒച്ച കൂട്ടാക്കുന്നതുമില്ല.
10മലനിരകൾ അതിന്റെ മേച്ചല്പുറമാകുന്നു; പച്ചയായതൊക്കെയും അതു തിരഞ്ഞുനടക്കുന്നു.

11കാട്ടുപോത്തു നിന്നെ വഴിപ്പെട്ടു സേവിക്കുമോ? അതു നിന്റെ പുല്തൊട്ടിക്കരികെ രാപാർക്കുമോ?
12കാട്ടു പോത്തിനെ നിനക്കു കയറിട്ടു ഉഴവിന്നു കൊണ്ടുപോകാമോ? അതു നിന്റെ പിന്നാലെ നിലം നിരത്തുമോ?
13അതിന്റെ ശക്തി വലുതാകയാൽ നീ അതിനെ വിശ്വസിക്കുമോ? നിന്റെ വേല നീ അതിന്നു ഭരമേല്പിച്ചു കൊടുക്കുമോ?
14അതു നിന്റെ വിത്തു കൊണ്ടുവരുമെന്നും നിന്റെ കളപ്പുരയിൽ കൂട്ടുമെന്നും നീ വിശ്വസിക്കുമോ?
15ഒട്ടകപ്പക്ഷി ഉല്ലസിച്ചു ചിറകു വീശുന്നു; എങ്കിലും ചിറകും തൂവലുംകൊണ്ടു വാത്സല്യം കാണിക്കുമോ?

16അതു നിലത്തു മുട്ട ഇട്ടേച്ചുപോകുന്നു; അവയെ പൊടിയിൽ വെച്ചു വിരിക്കുന്നു.
17കാൽകൊണ്ടു അവ ഉടഞ്ഞുപോയേക്കുമെന്നോ കാട്ടുമൃഗം അവയെ ചവിട്ടിക്കളഞ്ഞേക്കുമെന്നോ അതു ഓർക്കുന്നില്ല.
18അതു തന്റെ കുഞ്ഞുങ്ങളോടു തനിക്കുള്ളവയല്ല എന്നപോലെ കാഠിന്യം കാണിക്കുന്നു; തന്റെ പ്രയത്നം വ്യർത്ഥമായ്പോകുമെന്നു ഭയപ്പെടുന്നില്ല.
19ദൈവം അതിന്നു ജ്ഞാനമില്ലാതാക്കി വിവേകം അതിന്നു നല്കീട്ടുമില്ല.
20അതു ചിറകടിച്ചു പൊങ്ങി ഓടുമ്പോൾ കുതിരയെയും പുറത്തു കയറിയവനെയും പരിഹസിക്കുന്നു.

21കുതിരെക്കു നീയോ ശക്തി കൊടുത്തതു? അതിന്റെ കഴുത്തിന്നു നീയോ കുഞ്ചിരോമം അണിയിച്ചതു?
22നിനക്കു അതിനെ വെട്ടുക്കിളിയെപ്പോലെ ചാടിക്കാമോ? അതിന്റെ ഹുങ്കാരപ്രതാപം ഭയങ്കരം.
23അതു താഴ്വരയിൽ മാന്തി ഊക്കോടെ ഉല്ലസിക്കുന്നു. അതു ആയുധപാണികളെ എതിർത്തുചെല്ലുന്നു.
24അതു കൂശാതെ ഭയത്തെ പുച്ഛിക്കുന്നു; വാളിനോടു പിൻവാങ്ങി മണ്ടുന്നതുമില്ല.
25അതിന്നു എതിരെ ആവനാഴിയും മിന്നുന്ന കുന്തവും ശൂലവും കിലുകിലുക്കുന്നു.

26അതു ഉഗ്രതയും കോപവും പൂണ്ടു നിലം വിഴുങ്ങുന്നു; കാഹളനാദം കേട്ടാൽ അതു അടങ്ങിനിൽക്കയില്ല.
27കാഹളനാദം ധ്വനിക്കുന്തോറും അതു ഹാ, ഹാ എന്നു ചിനെക്കുന്നു; പടയും പടനായകന്മാരുടെ മുഴക്കവും ആർപ്പും ദൂരത്തുനിന്നു മണക്കുന്നു.
28നിന്റെ വിവേകത്താലോ പരുന്തു പറക്കയും ചിറകു തെക്കോട്ടു വിടർക്കുകയും ചെയ്യുന്നതു?
29നിന്റെ കല്പനെക്കോ കഴുകൻ മേലോട്ടു പറക്കയും ഉയരത്തിൽ കൂടുവെക്കുകയും ചെയ്യുന്നതു?
30അതു പാറയിൽ കുടിയേറി രാപാർക്കുന്നു; പാറമുകളിലും ദുർഗ്ഗത്തിലും തന്നേ.
You have read Job 39
30 verses