1ആകയാൽ അരിഷ്ടയും വീഞ്ഞു കുടിക്കാതെ ലഹരിപിടിച്ചവളും ആയുള്ളോവേ, ഇതു കേട്ടുകൊൾക.
2നിന്റെ കർത്താവായ യഹോവയും തന്റെ ജനത്തിന്റെ വ്യവഹാരം നടത്തുന്ന നിന്റെ ദൈവവുമായവൻ ഇപ്രകാരം അരുളിച്ചെയ്യുന്നു: ഞാൻ പരിഭ്രമത്തിന്റെ പാനപാത്രം, എന്റെ ക്രോധത്തിന്റെ പാനപാത്രപുടം തന്നെ, നിന്റെ കയ്യിൽ നിന്നു എടുത്തുകളഞ്ഞിരിക്കുന്നു; ഇനി നീ അതു കുടിക്കയില്ല;
3നിന്നെ ക്ലേശിപ്പിക്കുന്നവരുടെ കയ്യിൽ ഞാൻ അതു കൊടുക്കും അവർ നിന്നോടു: കുനിയുക; ഞങ്ങൾ കടന്നുപോകട്ടെ എന്നു പറഞ്ഞുവല്ലോ; അങ്ങനെ കടന്നുപോകുന്നവർക്കു നീ നിന്റെ മുതുകിനെ നിലംപോലെയും തെരുവീഥിപോലെയും ആക്കിവെക്കേണ്ടി വന്നു.
4സീയോനേ, ഉണരുക, ഉണരുക, നിന്റെ ബലം ധരിച്ചുകൊൾക; വിശുദ്ധനഗരമായ യെരൂശലേമേ, നിന്റെ അലങ്കാരവസ്ത്രം ധരിച്ചുകൊൾക; ഇനിമേലാൽ അഗ്രചർമ്മിയും അശുദ്ധനും നിന്നിലേക്കു വരികയില്ല.
5പൊടി കുടഞ്ഞുകളക; യെരൂശലേമേ, എഴുന്നേറ്റു ഇരിക്ക; ബദ്ധയായ സീയോൻ പുത്രീ, നിന്റെ കഴുത്തിലെ ബന്ധനങ്ങളെ അഴിച്ചുകളക.

6യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: വിലവാങ്ങാതെ നിങ്ങളെ വിറ്റുകളഞ്ഞു; വിലകൊടുക്കാതെ നിങ്ങളെ വീണ്ടുകൊള്ളും.
7യഹോവയായ കർത്താവു ഇപ്രകാരം അരുളിച്ചെയ്യുന്നു: എന്റെ ജനം പണ്ടു പരദേശവാസം ചെയ്‌വാൻ മിസ്രയീമിലേക്കു ഇറങ്ങിച്ചെന്നു; അശ്ശൂരും അവരെ വെറുതെ പീഡിപ്പിച്ചു.
8ഇപ്പോഴോ എന്റെ ജനത്തെ വെറുതെ പിടിച്ചു കൊണ്ടുപോയിരിക്കകൊണ്ടു ഞാൻ ഇവിടെ എന്തുചെയ്യേണ്ടു എന്നു യഹോവ അരുളിച്ചെയ്യുന്നു; അവരുടെ അധിപതിമാർ മുറയിടുന്നു; എന്റെ നാമം ഇടവിടാതെ എല്ലായ്പോഴും ദുഷിക്കപ്പെടുന്നു എന്നും യഹോവ അരുളിച്ചെയ്യുന്നു.
9അതുകൊണ്ടു എന്റെ ജനം എന്റെ നാമത്തെ അറിയും; അതുകൊണ്ടു ഞാൻ, ഞാൻ തന്നെയാകുന്നു പ്രസ്താവിക്കുന്നവൻ എന്നു അവർ അന്നു അറിയും.
10സമാധാനത്തെ ഘോഷിച്ചു നന്മയെ സുവിശേഷിക്കയും രക്ഷയെ പ്രസിദ്ധമാക്കുകയും സീയോനോടു: നിന്റെ ദൈവം വാഴുന്നു എന്നു പറകയും ചെയ്യുന്ന സുവാർത്താദൂതന്റെ കാൽ പർവ്വതങ്ങളിന്മേൽ എത്ര മനോഹരം!

11നിന്റെ കാവൽക്കാരുടെ ശബ്ദം കേട്ടുവോ? അവർ ശബ്ദം ഉയർത്തി ഒരുപോലെ ഉല്ലസിച്ചു ഘോഷിക്കുന്നു; യഹോവ സീയോനിലേക്കു മടങ്ങിവരുമ്പോൾ അവർ അഭിമുഖമായി കാണും.
12യെരൂശലേമിന്റെ ശൂന്യപ്രദേശങ്ങളേ, പൊട്ടി ആർത്തുകൊൾവിൻ; യഹോവ തന്റെ ജനത്തെ ആശ്വസിപ്പിച്ചു, യെരൂശലേമിനെ വീണ്ടെടുത്തിരിക്കുന്നുവല്ലോ.
13സകല ജാതികളും കാൺകെ യഹോവ തന്റെ വിശുദ്ധഭുജത്തെ നഗ്നമാക്കിയിരിക്കുന്നു; ഭൂമിയുടെ അറ്റങ്ങളൊക്കെയും നമ്മുടെ ദൈവത്തിന്റെ രക്ഷയെ കാണും.
14വിട്ടു പോരുവിൻ; വിട്ടുപോരുവിൻ; അവിടെ നിന്നു പുറപ്പെട്ടുപോരുവിൻ; അശുദ്ധമായതൊന്നും തൊടരുതു; അതിന്റെ നടുവിൽ നിന്നു പുറപ്പെട്ടുപോരുവിൻ; യഹോവയുടെ ഉപകരണങ്ങളെ ചുമക്കുന്നവരേ, നിങ്ങളെത്തന്നേ നിർമ്മലീകരിപ്പിൻ.
15നിങ്ങൾ ബദ്ധപ്പാടോടെ പോകയില്ല, ഓടിപ്പോകയുമില്ല; യഹോവ നിങ്ങൾക്കു മുമ്പായി നടക്കും; യിസ്രായേലിന്റെ ദൈവം നിങ്ങൾക്കു പിമ്പട ആയിരിക്കും.
You have read Isaiah 52
15 verses