1നീ ബഹുകാലം അടങ്ങിപ്പാർക്കേണം; പരസംഗം ചെയ്കയോ മറ്റൊരു പരുഷന്നു പരിഗ്രഹമായിരിക്കയോ അരുതു; ഞാനും അങ്ങനെ തന്നേ ചെയ്യും എന്നു പറഞ്ഞു.
2ഈ വിധത്തിൽ യിസ്രായേൽമക്കൾ ബഹുകാലം രാജാവില്ലാതെയും പ്രഭുവില്ലാതെയും യാഗമില്ലാതെയും പ്രതിഷ്ഠയില്ലാതെയും എഫോദില്ലാതെയും ഗൃഹബിംബമില്ലാതെയും ഇരിക്കും.
3പിന്നത്തേതിൽ യിസ്രായേൽമക്കൾ തിരഞ്ഞു തങ്ങളുടെ ദൈവമായ യഹോവയെയും തങ്ങളുടെ രാജാവായ ദാവീദിനെയും അന്വേഷിക്കും; ഭാവികാലത്തു അവർ ഭയപ്പെട്ടുംകൊണ്ടു യഹോവയിങ്കലേക്കും അവന്റെ നന്മയിങ്കലേക്കും വരും.
4യിസ്രായേൽമക്കളേ, യഹോവയുടെ വചനം കേൾപ്പിൻ; യഹോവെക്കു ദേശനിവാസികളോടു ഒരു വ്യവഹാരം ഉണ്ടു; ദേശത്തു സത്യവും ഇല്ല, ദയയും ഇല്ല, ദൈവപരിജ്ഞാനവുമില്ല.
5അവർ ആണയിടുന്നു; ഭോഷ്കു പറയുന്നു; കുല ചെയ്യുന്നു; മോഷ്ടിക്കുന്നു; വ്യഭിചരിക്കുന്നു; വീടുമുറിക്കുന്നു; രക്തപാതകത്തോടു രക്തപാതകം കൂട്ടുന്നു.

6അതുകൊണ്ടു ദേശം ദുഃഖിക്കുന്നു; അതിലെ സകലനിവാസികളും വയലിലെ മൃഗങ്ങളും ആകാശത്തിലെ പറവകളും ക്ഷീണിച്ചുപോകുന്നു; സമുദ്രത്തിലെ മത്സ്യങ്ങളും ഇല്ലാതെയാകുന്നു.
7എങ്കിലും ആരും വാദിക്കരുതു; ആരും ശാസിക്കയും അരുതു; നിന്റെ ജനമോ, പുരോഹിതനോടു വാദിക്കുന്നവരെപ്പോലെ ഇരിക്കുന്നു.
8അതുകൊണ്ടു നീ പകൽ സമയത്തു ഇടറിവീഴും; പ്രവാചകനും നിന്നോടുകൂടെ രാത്രിയിൽ ഇടറിവീഴും; നിന്റെ അമ്മയെ ഞാൻ നശിപ്പിക്കും.
9പരിജ്ഞാനമില്ലായ്കയാൽ എന്റെ ജനം നശിച്ചുപോകുന്നു; പരിജ്ഞാനം ത്യജിക്കകൊണ്ടു നീ എനിക്കു പുരോഹിതനായിരിക്കാതവണ്ണം ഞാൻ നിന്നെയും ത്യജിക്കും; നീ നിന്റെ ദൈവത്തിന്റെ ന്യായപ്രമാണം മറന്നുകളഞ്ഞതുകൊണ്ടു ഞാനും നിന്റെ മക്കളെ മറെക്കും.
10അവർ പെരുകുന്തോറും എന്നോടു ഏറെ പാപം ചെയ്തു; ഞാൻ അവരുടെ മഹത്വത്തെ ലജ്ജയായി മാറ്റും.

11അവർ എന്റെ ജനത്തിന്റെ പാപംകൊണ്ടു ഉപജീവനം കഴിക്കുന്നു; അവരുടെ അകൃത്യത്തിന്നായിട്ടു ആഗ്രഹിക്കുന്നു.
12ആകയാൽ ജനത്തിന്നും പുരോഹിതന്നും ഒരുപോലെ ഭവിക്കും. ഞാൻ അവരുടെ നടപ്പു അവരോടു സന്ദർശിച്ചു അവരുടെ പ്രവൃത്തികൾക്കു തക്കവണ്ണം അവർക്കു പകരം കൊടുക്കും.
13അവർ ഭക്ഷിച്ചാലും തൃപ്തി പ്രാപിക്കയില്ല; അവർ സ്ത്രീസംഗംചെയ്താലും പെരുകുകയില്ല; യഹോവയെ കൂട്ടാക്കുന്നതു അവർ വിട്ടുകളഞ്ഞുവല്ലോ.
14പരസംഗവും വീഞ്ഞും പുതിയ വീഞ്ഞും ബുദ്ധിയെ കെടുത്തുകളയുന്നു.
15എന്റെ ജനം തങ്ങളുടെ മരത്തോടു അരുളപ്പാടു ചോദിക്കുന്നു; അവരുടെ വടി അവരോടു ലക്ഷണം പറയുന്നു; പരസംഗമോഹം അവരെ ഭ്രമിപ്പിക്കുന്നു; അവർ തങ്ങളുടെ ദൈവത്തെ വിട്ടു പരസംഗം ചെയ്യുന്നു.

16അവർ പർവ്വതശിഖരങ്ങളിൽ ബലി കഴിക്കുന്നു; കുന്നുകളിൽ അവർ നല്ല തണലുള്ള കരുവേലത്തിന്റെയും പുന്നയുടെയും ആലിന്റെയും കീഴെ ധൂപം കാട്ടുന്നു; അവിടെ നിങ്ങളുടെ പുത്രിമാർ പരസംഗം ചെയ്യുന്നു; നിങ്ങളുടെ പുത്രഭാര്യമാർ വ്യഭിചരിക്കുന്നു.
17നിങ്ങളുടെ പുത്രിമാർ പരസംഗം ചെയ്യുന്നതും നിങ്ങളുടെ പുത്രഭാര്യമാർ വ്യഭിചരിച്ചുനടക്കുന്നതും ഞാൻ സന്ദർശിക്കയില്ല; അവർ തന്നേ വേശ്യാസ്ത്രീകളോടു കൂടെ വേറിട്ടുപോകയും ദേവദാസികളോടുകൂടെ ബലികഴിക്കയും ചെയ്യുന്നു; ഇങ്ങനെ ബുദ്ധിയില്ലാത്ത ജനം നശിച്ചുപോകും.
18യിസ്രായേലേ, നി പരസംഗം ചെയ്താലും യെഹൂദാ അപരാധം ചെയ്യാതെയിരിക്കട്ടെ; നിങ്ങൾ ഗില്ഗാലിലേക്കു ചെല്ലരുതു; ബേത്ത്--ആവെനിലേക്കു കയറിപ്പോകരുതു; യഹോവയാണ എന്നു സത്യം ചെയ്കയുമരുതു.
19യിസ്രായേൽ ദുശ്ശാഠ്യമുള്ള പശുക്കിടാവിനെപ്പോലെ ദുശ്ശാഠ്യം കാണിച്ചാൽ യഹോവ അവരെ ഒരു വിശാലസ്ഥലത്തു കുഞ്ഞാടിനെപ്പോലെ മേയിക്കുമോ?
You have read Hosea 4
19 verses