1പണിക്കാരൻ ഒരു ബിംബത്തെ കൊത്തിയുണ്ടാക്കുവാൻ അതിനാലോ, പണിക്കാരൻ വ്യാജം ഉപദേശിക്കുന്ന വാർപ്പുവിഗ്രഹത്തിൽ ആശ്രയിച്ചുകൊണ്ടു ഊമ മിത്ഥ്യാമൂർത്തികളെ ഉണ്ടാക്കുവാൻ അതിനാലോ എന്തു പ്രയോജനം ഉള്ളു?
2മരത്തോടു: ഉണരുക എന്നും ഊമക്കല്ലിനോടു: എഴുന്നേൽക്ക എന്നും പറയുന്നവന്നു അയ്യോ കഷ്ടം! അതു ഉപദേശിക്കുമോ? അതു പൊന്നും വെള്ളിയും പൊതിഞ്ഞിരിക്കുന്നു; അതിന്റെ ഉള്ളിൽ ശ്വാസം ഒട്ടും ഇല്ലല്ലോ.
3എന്നാൽ യഹോവ തന്റെ വിശുദ്ധമന്ദിരത്തിൽ ഉണ്ടു; സർവ്വ ഭൂമിയും അവന്റെ സന്നിധിയിൽ മൌനമായിരിക്കട്ടെ.
4വിഭ്രമരാഗത്തിൽ ഹബക്കൂക്ക് പ്രവാചകന്റെ ഒരു പ്രാർത്ഥനാഗീതം.
5യഹോവേ, ഞാൻ നിന്റെ കേൾവി കേട്ടു ഭയപ്പെട്ടുപോയി; യഹോവേ, ആണ്ടുകൾ കഴിയുംമുമ്പെ നിന്റെ പ്രവൃത്തിയെ ജീവിപ്പിക്കേണമേ; ആണ്ടുകൾ കഴിയുംമുമ്പെ അതിനെ വെളിപ്പെടുത്തേണമേ; ക്രോധത്തിങ്കൽ കരുണ ഓർക്കേണമേ.

6ദൈവം തേമാനിൽനിന്നും പരിശുദ്ധൻ പാറാൻ പർവ്വതത്തിൽനിന്നും വരുന്നു. സേലാ. അവന്റെ പ്രഭ ആകാശത്തെ മൂടുന്നു; അവന്റെ സ്തുതിയാൽ ഭൂമി നിറഞ്ഞിരിക്കുന്നു.
7സൂര്യപ്രകാശംപോലെ ഒരു ശോഭ ഉളവായ്‍വരുന്നു; കിരണങ്ങൾ അവന്റെ പാർശ്വത്തുനിന്നു പുറപ്പെടുന്നു; അവിടെ അവന്റെ വല്ലഭത്വം മറഞ്ഞിരിക്കുന്നു.
8മഹാമാരി അവന്റെ മുമ്പിൽ നടക്കുന്നു; ജ്വരാഗ്നി അവന്റെ പിന്നാലെ ചെല്ലുന്നു.
9അവൻ നിന്നു ഭൂമിയെ കുലുക്കുന്നു; അവൻ നോക്കി ജാതികളെ ചിതറിക്കുന്നു; ശാശ്വതപർവ്വതങ്ങൾ പിളർന്നുപോകുന്നു; പുരാതനഗിരികൾ വണങ്ങി വീഴുന്നു; അവൻ പുരാതനപാതകളിൽ നടക്കുന്നു.
10ഞാൻ കൂശാന്റെ കൂടാരങ്ങളെ അനർത്ഥത്തിൽ കാണുന്നു; മിദ്യാൻ ദേശത്തിലെ തിരശ്ശീലകൾ വിറെക്കുന്നു.

11യഹോവ നദികളോടു നീരസപ്പെട്ടിരിക്കുന്നുവോ? നിന്റെ കോപം നദികളുടെ നേരെ വരുന്നുവോ? നീ കുതരിപ്പുറത്തും ജയരഥത്തിലും കയറിയിരിക്കയാൽ നിന്റെ ക്രോധം സമുദ്രത്തിന്റെ നേരെ ഉള്ളതോ?
12നിന്റെ വില്ലു മുറ്റും അനാവൃതമായിരിക്കുന്നു; വചനത്തിന്റെ ദണ്ഡനങ്ങൾ ആണകളോടുകൂടിയിരിക്കുന്നു. സേലാ. നീ ഭൂമിയെ നദികളാൽ പിളർക്കുന്നു.
13പർവ്വതങ്ങൾ നിന്നെ കണ്ടു വിറെക്കുന്നു; വെള്ളത്തിന്റെ പ്രവാഹം കടന്നുപോകുന്നു; ആഴി മുഴക്കം പുറപ്പെടുവിക്കുന്നു; ഉയരത്തിലേക്കു കൈ ഉയർത്തുന്നു.
14നിന്റെ അസ്ത്രങ്ങൾ പായുന്ന പ്രകാശത്തിങ്കലും മിന്നിച്ചാടുന്ന കുന്തത്തിന്റെ ശോഭയിങ്കലും സൂര്യനും ചന്ദ്രനും സ്വഗൃഹത്തിൽ നില്ക്കുന്നു.
15ക്രോധത്തോടെ നീ ഭൂമിയിൽ ചവിട്ടുന്നു; കോപത്തോടെ ജാതികളെ മെതിക്കുന്നു.

16നിന്റെ ജനത്തിന്റെ രക്ഷെക്കായിട്ടും നിന്റെ അഭിഷിക്തന്റെ രക്ഷെക്കായിട്ടും നീ പുറപ്പെടുന്നു; നീ ദുഷ്ടന്റെ വീട്ടിൽനിന്നു മോന്തായം തകർത്തു, അടിസ്ഥാനത്തെ കഴുത്തോളം അനാവൃതമാക്കുന്നു. സേലാ.
17നീ അവന്റെ കുന്തങ്ങൾകൊണ്ടു അവന്റെ യോദ്ധാക്കളുടെ തല കുത്തിത്തുളെക്കുന്നു; എന്നെ ചിതറിക്കേണ്ടതിന്നു അവർ ചുഴലിക്കാറ്റുപോലെ വരുന്നു; എളിയവനെ മറവിൽവെച്ചു വിഴുങ്ങുവാൻ പോകുന്നതുപോലെ അവർ ഉല്ലസിക്കുന്നു.
18നിന്റെ കുതിരകളോടുകൂടെ നീ സമുദ്രത്തിൽ, പെരുവെള്ളക്കൂട്ടത്തിൽ തന്നേ, നടകൊള്ളുന്നു.
19ഞാൻ കേട്ടു എന്റെ ഉദരം കുലുങ്ങിപ്പോയി, മുഴക്കം ഹേതുവായി എന്റെ അധരം വിറെച്ചു; അവൻ ജനത്തെ ആക്രമിപ്പാൻ പുറപ്പെടുമ്പോൾ കഷ്ടദിവസത്തിൽ ഞാൻ വിശ്രമിച്ചിരിക്കേണ്ടതുകൊണ്ടു എന്റെ അസ്ഥികൾക്കു ഉരുക്കം തട്ടി, ഞാൻ നിന്ന നിലയിൽ വിറെച്ചുപോയി.
You have read Habakkuk 3
19 verses