1നിങ്ങളുടെ മൂടുപടങ്ങളെയും ഞാൻ പറിച്ചുകീറി എന്റെ ജനത്തെ നിങ്ങളുടെ കയ്യിൽനിന്നു വിടുവിക്കും; അവർ ഇനി നിങ്ങളുടെ കൈക്കൽ വേട്ടയായിരിക്കയില്ല; ഞാൻ യഹോവ എന്നു നിങ്ങൾ അറിയും.
2ഞാൻ ദുഃഖിപ്പിക്കാത്ത നീതിമാന്റെ ഹൃദയത്തെ നിങ്ങൾ വ്യാജങ്ങളെക്കൊണ്ടു ദുഃഖിപ്പിക്കയും തന്റെ ദുർമ്മാർഗ്ഗം വിട്ടുതിരിഞ്ഞു ജീവരക്ഷ പ്രാപിക്കാതവണ്ണം ദുഷ്ടനെ നിങ്ങൾ ധൈര്യപ്പെടുത്തുകയും ചെയ്യുന്നതുകൊണ്ടു
3നിങ്ങൾ ഇനി വ്യാജം ദർശിക്കയോ പ്രശ്നം പറകയോ ചെയ്കയില്ല; ഞാൻ എന്റെ ജനത്തെ നിങ്ങളുടെ കയ്യിൽനിന്നു വിടുവിക്കും; ഞാൻ യഹോവ എന്നു നിങ്ങൾ അറിയും.
4യിസ്രായേൽമൂപ്പന്മാരിൽ ചിലർ എന്റെ അടുക്കൽ വന്നു എന്റെ മുമ്പിൽ ഇരുന്നു.
5അപ്പോൾ യഹോവയുടെ അരുളപ്പാടു എനിക്കുണ്ടായതെന്തെന്നാൽ:

6മനുഷ്യപുത്രാ, ഈ പുരുഷന്മാർ തങ്ങളുടെ വിഗ്രഹങ്ങളെ ഹൃദയത്തിൽ സ്മരിച്ചു തങ്ങളുടെ അകൃത്യഹേതു തങ്ങളുടെ മുമ്പിൽ വെച്ചിരിക്കുന്നു; അവർ ചോദിച്ചാൽ ഞാൻ ഉത്തരമരുളുമോ?
7അതുകൊണ്ടു നീ അവരോടു പറയേണ്ടതു: യഹോവയായ കർത്താവു ഇപ്രകാരം അരുളിച്ചെയ്യുന്നു: യിസ്രായേൽഗൃഹത്തിൽ തന്റെ വിഗ്രഹങ്ങളെ ഹൃദയത്തിൽ സ്മരിച്ചും തന്റെ അകൃത്യഹേതു തന്റെ മുമ്പിൽ വെച്ചുംകൊണ്ടു പ്രവാചകന്റെ അടുക്കൽ വരുന്ന ഏവനോടും
8യഹോവയായ ഞാൻ തന്നേ യിസ്രായേൽഗൃഹത്തെ അവരുടെ ഹൃദയത്തിൽ പിടിക്കേണ്ടതിന്നു അവന്റെ വിഗ്രഹങ്ങളുടെ ബാഹുല്യത്തിന്നു തക്കവണ്ണം ഉത്തരം അരുളും; അവർ എല്ലാവരും തങ്ങളുടെ വിഗ്രഹങ്ങൾനിമിത്തം എന്നെ വിട്ടകന്നിരിക്കുന്നുവല്ലോ.
9ആകയാൽ നീ യിസ്രായേൽഗൃഹത്തോടു പറയേണ്ടതു: യഹോവയായ കർത്താവു ഇപ്രകാരം അരുളിച്ചെയ്യുന്നു: നിങ്ങൾ അനുതപിച്ചു നിങ്ങളുടെ വിഗ്രഹങ്ങളെ വിട്ടുതിരിവിൻ; നിങ്ങളുടെ സകല മ്ളേച്ഛബിംബങ്ങളിലുംനിന്നു നിങ്ങളുടെ മുഖം തിരിപ്പിൻ.
10യിസ്രായേൽഗൃഹത്തിലും യിസ്രായേലിൽ വന്നുപാർക്കുന്ന പരദേശികളിലും എന്നെ വിട്ടകന്നു തന്റെ വിഗ്രഹങ്ങളെ ഹൃദയത്തിൽ സ്മരിച്ചും തന്റെ അകൃത്യഹേതു മുമ്പിൽ വെച്ചുകൊണ്ടു പ്രവാചകന്റെ അടുക്കൽ അരുളപ്പാടു ചോദിപ്പാൻ വരുന്ന ഏവനോടും യഹോവയായ ഞാൻ തന്നേ ഉത്തരം അരുളും.

11ഞാൻ ആ മനുഷ്യന്റെനേരെ മുഖംതിരിച്ചു അവനെ ഒരടയാളവും പഴഞ്ചൊല്ലും ആക്കും; ഞാൻ അവനെ എന്റെ ജനത്തിന്റെ നടുവിൽനിന്നു ഛേദിച്ചുകളയും; ഞാൻ യഹോവ എന്നു നിങ്ങൾ അറിയും.
12എന്നാൽ പ്രവാചകൻ വശീകരിക്കപ്പെട്ടിട്ടു ഒരു വാക്കു പ്രസ്താവിച്ചാൽ യഹോവയായ ഞാൻ ആ പ്രവാചകനെ വശീകരിച്ചിരിക്കുന്നു; ഞാൻ അവന്റെ നേരെ കൈ നീട്ടി അവനെ യിസ്രായേൽജനത്തിൽനിന്നു സംഹരിച്ചുകളയും.
13യിസ്രായേൽഗൃഹം ഇനിമേൽ എന്നെ വിട്ടു തെറ്റിപ്പോകയും സകലവിധ ലംഘനങ്ങളുംകൊണ്ടു അശുദ്ധരായിത്തീരുകയും ചെയ്യാതെ അവർ എനിക്കു ജനവും ഞാൻ അവർക്കു ദൈവവും ആയിരിക്കേണ്ടതിന്നു
14അവർ തങ്ങളുടെ അകൃത്യം വഹിക്കും; ചോദിക്കുന്നവന്റെ അകൃത്യവും പ്രവാചകന്റെ അകൃത്യവും ഒരുപോലെ ആയിരിക്കും എന്നു യഹോവയായ കർത്താവിന്റെ അരുളപ്പാടു.
15യഹോവയുടെ അരുളപ്പാടു എനിക്കുണ്ടായതെന്തെന്നാൽ:

16മനുഷ്യപുത്രാ ഒരു ദേശം എന്നോടു ദ്രോഹിച്ചു പാപം ചെയ്യുമ്പോൾ ഞാൻ അതിന്റെനേരെ കൈ നീട്ടി, അപ്പം എന്ന കോൽ ഒടിച്ചു, ക്ഷാമം വരുത്തി, മനുഷ്യനെയും മൃഗത്തെയും അതിൽ നിന്നു ഛേദിച്ചുകളയും.
17നോഹ, ദാനീയേൽ, ഇയ്യോബ് എന്നീ മൂന്നു പുരുഷന്മാർ അതിൽ ഉണ്ടായിരുന്നാലും അവർ തങ്ങളുടെ നീതിയാൽ സ്വന്തജീവനെ മാത്രമേ രക്ഷിക്കയുള്ളു എന്നു യഹോവയായ കർത്താവിന്റെ അരുളപ്പാടു.
18ഞാൻ ദുഷ്ടമൃഗങ്ങളെ ദേശത്തു വരുത്തുകയും ആ മൃഗങ്ങളെ പേടിച്ചു ആരും വഴിപോകാതവണ്ണം അവ അതിനെ നിർജ്ജനമാക്കീട്ടു അതു ശൂന്യമാകയും ചെയ്താൽ,
19ആ മൂന്നു പുരുഷന്മാർ അതിൽ ഉണ്ടായിരുന്നാലും എന്നാണ, അവർ പുത്രന്മാരെയോ പുത്രിമാരെയോ രക്ഷിക്കാതെ അവർ മാത്രമേ രക്ഷപ്പെടുകയുള്ളു; ദേശമോ ശൂന്യമായിപ്പോകുമെന്നു യഹോവയായ കർത്താവിന്റെ അരുളപ്പാടു.
20അല്ലെങ്കിൽ ഞാൻ ആ ദേശത്തിൽ വാൾ വരുത്തി വാളേ, നീ ദേശത്തുകൂടി കടക്കുക എന്നു കല്പിച്ചു മനുഷ്യരെയും മൃഗങ്ങളെയും

21അതിൽനിന്നു ഛേദിച്ചുകളഞ്ഞാൽ ആ മൂന്നു പുരുഷന്മാർ അതിൽ ഉണ്ടായിരുന്നാലും, എന്നാണ, അവർ പുത്രന്മാരെയോ പുത്രിമാരെയോ രക്ഷിക്കാതെ, അവർ മാത്രമേ രക്ഷപ്പെടുകയുള്ളു എന്നു യഹോവയായ കർത്താവിന്റെ അരുളപ്പാടു.
22അല്ലെങ്കിൽ ഞാൻ ആ ദേശത്തു മഹാമാരി അയച്ചു, അതിൽനിന്നു മനുഷ്യരെയും മൃഗങ്ങളെയും ഛേദിച്ചുകളവാൻ തക്കവണ്ണം എന്റെ ക്രോധം രക്തരൂപേണ അതിന്മേൽ പകർന്നാൽ
23നോഹയും ദാനീയേലും ഇയ്യോബും അതിൽ ഉണ്ടായിരുന്നാലും, എന്നാണ, അവർ പുത്രനെയോ പുത്രിയെയോ രക്ഷിക്കാതെ തങ്ങളുടെ നീതിയാൽ സ്വന്ത ജീവനെ മാത്രമേ രക്ഷിക്കയുള്ളു എന്നു യഹോവയായ കർത്താവിന്റെ അരുളപ്പാടു.
You have read Ezekiel 14
23 verses