1ഞാൻ ശുഭവും ഭംഗിയുമായി കണ്ടതു: ദൈവം ഒരുത്തന്നു കൊടുക്കുന്ന ആയുഷ്കാലമൊക്കെയും അവൻ തിന്നുകുടിച്ചു സൂര്യന്നു കീഴെ താൻ പ്രയത്നിക്കുന്ന തന്റെ സകല പ്രയത്നത്തിലും സുഖം അനുഭവിക്കുന്നതു തന്നേ; അതല്ലോ അവന്റെ ഓഹരി.
2ദൈവം ധനവും ഐശ്വര്യവും അതു അനുഭവിച്ചു തന്റെ ഓഹരി ലഭിച്ചു തന്റെ പ്രയത്നത്തിൽ സന്തോഷിപ്പാൻ അധികാരവും കൊടുത്തിരിക്കുന്ന ഏതു മനുഷ്യന്നും അതു ദൈവത്തിന്റെ ദാനം തന്നേ.
3ദൈവം അവന്നു ഹൃദയസന്തോഷം അരുളുന്നതുകൊണ്ടു അവൻ തന്റെ ആയുഷ്കാലം ഏറെ ഓർക്കുകയില്ല.
4സൂര്യന്നു കീഴെ ഞാൻ കണ്ടിരിക്കുന്ന ഒരു തിന്മ ഉണ്ടു; അതു മനുഷ്യർക്കു ഭാരമുള്ളതാകുന്നു.
5ദൈവം ഒരു മനുഷ്യന്നു ധനവും ഐശ്വര്യവും മാനവും നല്കുന്നു; അവൻ ആഗ്രഹിക്കുന്നതിന്നു ഒന്നിന്നും അവന്നു കുറവില്ല; എങ്കിലും അതു അനുഭവിപ്പാൻ ദൈവം അവന്നു അധികാരം കൊടുക്കുന്നില്ല; ഒരു അന്യനത്രേ അതു അനുഭവിക്കുന്നതു; അതു മായയും വല്ലാത്ത വ്യാധിയും തന്നേ.

6ഒരു മനുഷ്യൻ നൂറുമക്കളെ ജനിപ്പിക്കയും ഏറിയ സംവത്സരം ജീവിച്ചു ദീർഘായുസ്സായിരിക്കയും ചെയ്തിട്ടും അവൻ നന്മ അനുഭവിച്ചു തൃപ്തനാകാതെയും ഒരു ശവസംസ്ക്കാരം പ്രാപിക്കാതെയും പോയാൽ ഗർഭം അലസിപ്പോയ പിണ്ഡം അവനെക്കാൾ നന്നു എന്നു ഞാൻ പറയുന്നു.
7അതു മായയിൽ വരുന്നു; അന്ധകാരത്തിലേക്കു പോകുന്നു; അതിന്റെ പേർ അന്ധകാരത്തിൽ മറഞ്ഞിരിക്കുന്നു.
8സൂര്യനെ അതു കണ്ടിട്ടില്ല അറിഞ്ഞിട്ടുമില്ല; മറ്റേവനെക്കാൾ അധികം വിശ്രാമം അതിന്നുണ്ടു.
9അവൻ ഈരായിരത്താണ്ടു ജീവിച്ചിരുന്നിട്ടും നന്മ അനുഭവിച്ചില്ലെങ്കിൽ എല്ലാവരും ഒരു സ്ഥലത്തേക്കല്ലയോ പോകുന്നതു?
10മനുഷ്യന്റെ പ്രയത്നമൊക്കെയും അവന്റെ വായക്കുവേണ്ടിയാകുന്നു; എങ്കിലും അവന്റെ കൊതിക്കു മതിവരുന്നില്ല.

11മൂഢനെക്കാൾ ജ്ഞാനിക്കു എന്തു വിശേഷതയുള്ളു? പരിജ്ഞാനമുള്ള സാധുവിന്നു ജീവനുള്ളവരുടെ മുമ്പിൽ നടക്കുന്നതിൽ എന്തു വിശേഷതയുള്ളു?
12അഭിലാഷത്തിന്റെ സഞ്ചാരത്തെക്കാൾ കണ്ണിന്റെ നോട്ടം നല്ലതു; അതും മായയും വൃഥാപ്രയത്നവും അത്രേ.
You have read Ecclesiastes 6
12 verses