Lumina
Daniel

Nebuchadnezzar's Pride and Humbling

Daniel 4·Malayalam Bible

1അപ്പോൾ നെബൂഖദ് നേസർ കല്പിച്ചതു: ശദ്രക്കിന്റെയും മേശക്കിന്റെയും അബേദ്നെഗോവിന്റെയും ദൈവം വാഴ്ത്തപ്പെട്ടവൻ; തങ്കൽ ആശ്രയിക്കയും സ്വന്തദൈവത്തെയല്ലാതെ വേറൊരു ദൈവത്തെയും സേവിക്കയോ നമസ്കരിക്കയോ ചെയ്യാതിരിക്കത്തക്കവണ്ണം രാജകല്പനക്കുടെ മറുത്തു തങ്ങളുടെ ദേഹത്തെ ഏല്പിച്ചുകൊടുക്കയും ചെയ്ത തന്റെ ദാസന്മാരെ അവൻ സ്വദൂതനെ അയച്ചു വിടുവിച്ചിരിക്കുന്നുവല്ലോ.

2ഈ വിധത്തിൽ വിടുവിപ്പാൻ കഴിയുന്ന മറ്റൊരു ദൈവവും ഇല്ലായ്കകൊണ്ടു ഏതു ജാതിക്കാരിലും വംശക്കാരിലും ഭാഷക്കാരിലും ആരെങ്കിലും ശദ്രക്കിന്റെയും മേശക്കിന്റെയും അബേദ്നെഗോവിന്റെയും ദൈവത്തിന്നു വിരോധമായി വല്ല തെറ്റും പറഞ്ഞാൽ അവനെ കഷണംകഷണമായി ശകലിക്കയും അവന്റെ വീടു കുപ്പക്കുന്നാക്കുകയും ചെയ്യുമെന്നു ഞാൻ ഒരു വിധി കല്പിക്കുന്നു.

3പിന്നെ രാജാവു ശദ്രക്കിന്നും മേശക്കിന്നും അബേദ്നെഗോവിന്നും ബാബേൽസംസ്ഥാനത്തു സ്ഥാനമാനങ്ങൾ കല്പിച്ചുകൊടുത്തു

4നെബൂഖദ്നേസർരാജാവു സർവ്വഭൂമിയിലും പാർക്കുന്ന സകലവംശങ്ങൾക്കും ജാതികൾക്കും ഭാഷക്കാർക്കും എഴുതുന്നതു: നിങ്ങൾക്കു ശുഭം വർദ്ധിച്ചുവരട്ടെ.

5അത്യുന്നതനായ ദൈവം എങ്കൽ പ്രവർത്തിച്ച അടയാളങ്ങളും അത്ഭുതങ്ങളും പ്രസിദ്ധമാക്കുന്നതു നന്നെന്നു എനിക്കു തോന്നിയിരിക്കുന്നു.

Daniel 4 illustration - Daniel Chapter 4

6അവന്റെ അടയാളങ്ങൾ എത്ര വലിയവ! അവന്റെ അത്ഭുതങ്ങൾ എത്ര ശ്രേഷ്ഠമായവ! അവന്റെ രാജത്വം എന്നേക്കുമുള്ള രാജത്വവും അവന്റെ ആധിപത്യം തലമുറതലമുറയായുള്ളതും ആകുന്നു.

7നെബൂഖദ് നേസർ എന്ന ഞാൻ എന്റെ അരമനയിൽ സ്വൈരമായും എന്റെ രാജധാനിയിൽ സുഖമായും വസിച്ചിരിക്കുമ്പോൾ ഒരു സ്വപ്നം കണ്ടു,

8അതുനിമിത്തം ഭയപ്പെട്ടു, കിടക്കയിൽവെച്ചു എനിക്കുണ്ടായ നിരൂപണങ്ങളാലും ദർശനങ്ങളാലും വ്യാകുലപ്പെട്ടു.

9സ്വപ്നത്തിന്റെ അർത്ഥം അറിയിക്കേണ്ടതിന്നു ബാബേലിലെ സകലവിദ്വാന്മാരെയും എന്റെ മുമ്പിൽ കൊണ്ടുവരുവാൻ ഞാൻ കല്പിച്ചു.

10അങ്ങനെ മന്ത്രവാദികളും ആഭിചാരകന്മാരും കല്ദയരും ശകുനവാദികളും അകത്തു വന്നു; ഞാൻ സ്വപ്നം അവരോടു വിവരിച്ചുപറഞ്ഞു; അവർ അർത്ഥം അറിയിച്ചില്ല താനും.

Daniel 4 illustration - Daniel Chapter 4

11ഒടുവിൽ എന്റെ ദേവന്റെ നാമദേധപ്രകാരം ബേൽത്ത് ശസ്സർ എന്നു പേരുള്ളവനും വിശുദ്ധദേവന്മാരുടെ ആത്മാവുള്ളവനുമായ ദാനീയേൽ എന്റെ മുമ്പിൽ വന്നു; അവനോടു ഞാൻ സ്വപ്നം വിവരിച്ചതെന്തെന്നാൽ:

12മന്ത്രവാദിശ്രേഷ്ഠനായ ബേൽത്ത് ശസ്സരേ, വിശുദ്ധദേവന്മാരുടെ ആത്മാവു നിന്നിൽ ഉണ്ടെന്നും ഒരു രഹസ്യവും നിനക്കു വിഷമമല്ലെന്നും ഞാൻ അറിയുന്നതുകൊണ്ടു ഞാൻ കണ്ട സ്വപ്നത്തിന്റെ താല്പര്യവും അർത്ഥവും പറക.

13കിടക്കയിൽവെച്ചു എനിക്കു ഉണ്ടായ ദർശനമാവിതു: ഭൂമിയുടെ നടുവിൽ ഞാൻ ഒരു വൃക്ഷം കണ്ടു; അതു ഏറ്റവും ഉയരമുള്ളതായിരുന്നു.

14ആ വൃക്ഷം വളർന്നു ബലപ്പെട്ടു; അതു ആകാശത്തോളം ഉയരമുള്ളതും സർവ്വഭൂമിയുടെയും അറ്റത്തോളം കാണാകുന്നതും ആയിരുന്നു.

15അതിന്റെ ഇല ഭംഗിയുള്ളതും ഫലം അനവധിയും ആയിരുന്നു; എല്ലാവർക്കും അതിൽ ആഹാരം ഉണ്ടായിരുന്നു; കാട്ടുമൃഗങ്ങൾ അതിന്റെ കീഴെ തണലിളെച്ചുവന്നു; ആകാശത്തിലെ പക്ഷികൾ അതിന്റെ കൊമ്പുകളിൽ വസിച്ചു; സകലജഡവും അതുകൊണ്ടു ഉപജീവനം കഴിച്ചുപോന്നു.

Daniel 4 illustration - Daniel Chapter 4

16കിടക്കയിൽവെച്ചു എനിക്കു ഉണ്ടായ ദർശനത്തിൽ ഒരു ദൂതൻ, ഒരു പരിശുദ്ധൻ തന്നേ, സ്വർഗ്ഗത്തിൽനിന്നു ഇറങ്ങിവരുന്നതു ഞാൻ കണ്ടു.

17അവൻ ഉച്ചത്തിൽ വിളിച്ചുപറഞ്ഞതു: വൃക്ഷം വെട്ടിയിട്ടു, അതിന്റെ കൊമ്പു മുറിച്ചു, ഇല കുടഞ്ഞു, കായി ചിതറിച്ചുകളവിൻ; അതിന്റെ കീഴിൽനിന്നു മൃഗങ്ങളും കൊമ്പുകളിൽനിന്നു പക്ഷികളും പൊയ്ക്കൊള്ളട്ടെ.

18അതിന്റെ തായ് വേരോ വയലിലെ ഇളമ്പുല്ലിൽ ഇരിമ്പും താമ്രവുംകൊണ്ടുള്ള ബന്ധനത്തോടെ ഭൂമിയിൽ വെച്ചേക്കുവിൻ; അവൻ ആകാശത്തിലെ മഞ്ഞുകൊണ്ടു നനയട്ടെ; അവന്നു മൃഗങ്ങളോടുകൂടെ നിലത്തെ പുല്ലു ഉപജീവനം ആയിരിക്കട്ടെ.

19അവന്റെ മാനുഷസ്വഭാവം മാറി മൃഗസ്വഭാവമായിത്തീരട്ടെ; അങ്ങനെ അവന്നു ഏഴു കാലം കഴിയട്ടെ.

20അത്യുന്നതനായവൻ മനുഷ്യരുടെ രാജത്വത്തിന്മേൽ വാഴുകയും അതിനെ തനിക്കു ബോധിച്ചവന്നു കൊടുക്കയും മനുഷ്യരിൽ അധമനായവനെ അതിന്മേൽ വാഴിക്കയും ചെയ്യുന്നു എന്നു ജീവനോടിരിക്കുന്നവർ അറിയേണ്ടതിന്നു ഈ വിധി ദൂതന്മാരുടെ നിർണ്ണയവും കാര്യം വിശുദ്ധന്മാരുടെ കല്പനയും ആകുന്നു.

Daniel 4 illustration - Daniel Chapter 4

21നെബൂഖദ്നേസർരാജാവായ ഞാൻ ഈ സ്വപ്നം കണ്ടു; എന്നാൽ ബേൽത്ത് ശസ്സരേ, എന്റെ രാജ്യത്തിലെ വിദ്വാന്മാർക്കു ആർക്കും അതിന്റെ അർത്ഥം അറിയിപ്പാൻ കഴിയായ്കകൊണ്ടു നീ അതിന്റെ അർത്ഥം അറിയിച്ചുതരേണം; വിശുദ്ധദേവന്മാരുടെ ആത്മാവു നിന്നിൽ ഉള്ളതുകൊണ്ടു നീ അതിന്നു പ്രാപ്തനാകുന്നു.

22അപ്പോൾ ബേൽത്ത് ശസ്സർ എന്നും പേരുള്ള ദാനീയേൽ കുറെ നേരത്തേക്കു സ്തംഭിച്ചിരുന്നു; അവർ വിചാരങ്ങളാൽ പരവശനായി. രാജാവു അവനോടു: ബേൽത്ത് ശസ്സരേ, സ്വപ്നവും അതിന്റെ അർത്ഥവുംനിമിത്തം നീ പരവശനാകരുതേ എന്നു കല്പിച്ചു. ബേൽത്ത ശസ്സർ ഉത്തരം പറഞ്ഞതു: യജമാനനേ, സ്വപ്നം തിരുമനസ്സിലെ ശത്രുക്കൾക്കും അതിന്റെ അർത്ഥം തിരുമനസ്സിലെ വൈരികൾക്കും ഭവിക്കട്ടെ.

23വളർന്നു ബലപ്പെട്ടതും ആകാശത്തോളം ഉയരമുള്ളതും ഭൂമിയിൽ എല്ലാടത്തുനിന്നും കാണാകുന്നതും

24ഭംഗിയുള്ള ഇലയും അനവധി ഫലവും എല്ലാവർക്കും ആഹാരവും ഉള്ളതും കീഴെ കാട്ടുമൃഗങ്ങൾ വസിച്ചതും കൊമ്പുകളിൽ ആകാശത്തിലെ പക്ഷികൾക്കു പാർപ്പിടം ഉണ്ടായിരുന്നതുമായി കണ്ട വൃക്ഷം,

25രാജാവേ, വർദ്ധിച്ചു ബലവാനായി തീർന്നിരിക്കുന്ന തിരുമേനി തന്നേ; തിരുമനസ്സിലെ മഹത്വം വർദ്ധിച്ചു ആകാശംവരെയും ആധിപത്യം ഭൂമിയുടെ അറുതിവരെയും എത്തിയിരിക്കുന്നു.

Daniel 4 illustration - Daniel Chapter 4

26ഒരു ദൂതൻ, ഒരു പരിശുദ്ധൻ തന്നേ സ്വർഗ്ഗത്തിൽനിന്നു ഇറങ്ങിവന്നു: വൃക്ഷത്തെ വെട്ടിയിട്ടു നശിപ്പിച്ചുകളവിൻ; എങ്കിലും അതിന്റെ തായ് വേർ വയലിലെ ഇളമ്പുല്ലിൽ ഇരിമ്പും താമ്രവും കൊണ്ടുള്ള ബന്ധനത്തോടുകൂടെ ഭൂമിയിൽ വെച്ചേക്കുവിൻ; അവൻ ആകാശത്തിലെ മഞ്ഞുകൊണ്ടു നനയട്ടെ; അവന്നു ഏഴുകാലം കഴിയുന്നതുവരെ അവന്റെ ഉപജീവനം കാട്ടുമൃഗങ്ങളോടു കൂടെ ആയിരിക്കട്ടെ എന്നിങ്ങനെ പറയുന്നതു രാജാവു കണ്ടുവല്ലോ.

27രാജാവേ, അതിന്റെ അർത്ഥം ഇതാകുന്നു; എന്റെ യജമാനനായ രാജാവിന്റെമേൽ വരുന്ന അത്യുന്നതനായവന്റെ വിധി ഇതു തന്നേ;

28തിരുമേനിയെ മനുഷ്യരുടെ ഇടയിൽനിന്നു നീക്കിക്കളയും; തിരുമനസ്സിലെ വാസം കാട്ടുമൃഗങ്ങളോടുകൂടെയാകും. തിരുമേനിയെ കാളയെപ്പോലെ പുല്ലു തീറ്റും; തിരുമേനി ആകാശത്തിലെ മഞ്ഞുകൊണ്ടു നനയും; മനുഷ്യരുടെ രാജത്വത്തിന്മേൽ അത്യുന്നതനായവൻ വാഴുകയും അതിനെ തനിക്കു ബോധിച്ചവന്നു കൊടുക്കയും ചെയ്യുന്നുവെന്നു തിരുമനസ്സുകൊണ്ടു അറിയുന്നതുവരെ ഏഴു കാലം കഴിയും.

29വൃക്ഷത്തിന്റെ തായ് വേർ വെച്ചേക്കുവാൻ അവർ കല്പിച്ചതോ: വാഴുന്നതു സ്വർഗ്ഗമാകുന്നു എന്നു തിരുമനസ്സുകൊണ്ടു ഗ്രഹിച്ചശേഷം രാജത്വം തിരുമേനിക്കു സ്ഥിരമാകും എന്നത്രേ.

30ആകയാൽ രാജാവേ, എന്റെ ആലോചന തിരുമനസ്സിലേക്കു പ്രസാദമായിരിക്കട്ടെ; നീതിയാൽ പാപങ്ങളെയും ദരിദ്രന്മാർക്കു കൃപകാട്ടുന്നതിനാൽ അകൃത്യങ്ങളെയും പരിഹരിച്ചുകൊൾക; അതിനാൽ പക്ഷേ തിരുമനസ്സിലെ സുഖകാലം ദീർഘമായി നില്ക്കും.

Daniel 4 illustration - Daniel Chapter 4

31ഇതെല്ലാം നെബൂഖദ് നേസർരാജാവിന്നു വന്നു ഭവിച്ചു.

32പന്ത്രണ്ടു മാസം കഴിഞ്ഞിട്ടു അവൻ ബാബേലിലെ രാജമന്ദിരത്തിന്മേൽ ഉലാവിക്കൊണ്ടിരുന്നു.

33ഇതു ഞാൻ എന്റെ ധനമാഹാത്മ്യത്താൽ എന്റെ പ്രതാപമഹത്വത്തിന്നായിട്ടു രാജധാനിയായി പണിത മഹതിയാം ബാബേൽ അല്ലയോ എന്നു രാജാവു പറഞ്ഞുതുടങ്ങി.

34ഈ വാക്കു രാജാവിന്റെ വായിൽ ഇരിക്കുമ്പോൾ തന്നേ, സ്വർഗ്ഗത്തിൽനിന്നു ഒരു ശബ്ദം ഉണ്ടായതെന്തെന്നാൽ: നെബൂഖദ് നേസർരാജാവേ, നിന്നോടു ഇതു കല്പിക്കുന്നു: രാജത്വം നിന്നെ വിട്ടു നീങ്ങിയിരിക്കുന്നു.

35നിന്നെ മനുഷ്യരുടെ ഇടയിൽനിന്നു നീക്കിക്കളയും; നിന്റെ പാർപ്പു കാട്ടിലെ മൃഗങ്ങളോടുകൂടെ ആയിരിക്കും; നിന്നെ കാളയെപ്പോലെ പുല്ലു തീറ്റും; അത്യുന്നതനായവൻ മനുഷ്യരുടെ രാജത്വത്തിന്മേൽ വാഴുകയും അതിനെ തനിക്കു ബോധിച്ചവന്നു കൊടുക്കയും ചെയ്യുന്നു എന്നു നീ അറിയുന്നതുവരെ നിനക്കു ഏഴു കാലം കഴിയും.

Daniel 4 illustration - Daniel Chapter 4

36ഉടൻ തന്നേ ആ വാക്കു നെബൂഖദ് നേസരിന്നു നിവൃത്തിയായി; അവനെ മനുഷ്യരുടെ ഇടയിൽ നിന്നു നീക്കിക്കളഞ്ഞു; അവന്റെ രോമം കഴുകന്റെ തൂവൽപോലെയും അവന്റെ നഖം പക്ഷിയുടെ നഖംപോലെയും വളരുന്നതുവരെ, അവൻ കാള എന്നപോലെ പുല്ലു തിന്നുകയും അവന്റെ ദേഹം ആകാശത്തിലെ മഞ്ഞുകൊണ്ടു നനയുകയും ചെയ്തു.

37ആ കാലം കഴിഞ്ഞിട്ടു നെബൂഖദ്നേസർ എന്ന ഞാൻ സ്വർഗ്ഗത്തേക്കു കണ്ണുയർത്തി എന്റെ ബുദ്ധിയും എനിക്കു മടങ്ങിവന്നു; ഞാൻ അത്യുന്നതനായവനെ വാഴ്ത്തി, എന്നേക്കും ജീവിച്ചിരിക്കുന്നവനെ സ്മരിച്ചു ബഹുമാനിക്കയും ചെയ്തു; അവന്റെ ആധിപത്യം എന്നേക്കുമുള്ള ആധിപത്യവും അവന്റെ രാജത്വം തലമുറതലമുറയായുള്ളതും അല്ലോ.

Chapter Complete

You have read Daniel 4

37 verses