Lumina
2Kings

Jehu Anointed; Jezebel Killed

2Kings 9·Malayalam Bible

1അവൻ ആഹാബിന്റെ മകനായ യോരാമിനോടുകൂടെ ഗിലെയാദിലെ രാമോത്തിലേക്കു അരാംരാജാവായ ഹസായേലിനോടു യുദ്ധം ചെയ്‍വാൻ പോയി; എന്നാൽ അരാമ്യർ യോരാമിനെ മുറിവേല്പിച്ചു.

2അരാംരാജാവായ ഹസായേലിനോടുള്ള യുദ്ധത്തിൽ രാമയിൽവെച്ചു അരാമ്യർ തന്നെ വെട്ടിയ മുറിവുകൾക്കു യിസ്രെയേലിൽവെച്ചു ചികിത്സചെയ്യേണ്ടതിന്നു യോരാംരാജാവു മടങ്ങിപ്പോയി; ആഹാബിന്റെ മകനായ യോരാം രോഗിയാകകൊണ്ടു യെഹൂദാരാജാവായ യെഹോരാമിന്റെ മകൻ അഹസ്യാവു യിസ്രെയേലിൽ അവനെ കാണ്മാൻ ചെന്നിരുന്നു.

3എലീശാപ്രവാചകൻ ഒരു പ്രവാചകശിഷ്യനെ വിളിച്ചു അവനോടു പറഞ്ഞതു: നീ അരകെട്ടി ഈ തൈലപാത്രം എടുത്തുകൊണ്ടു ഗിലെയാദിലെ രാമോത്തിലേക്കു പോക.

4അവിടെ എത്തിയശേഷം നിംശിയുടെ മകനായ യെഹോശാഫാത്തിന്റെ മകൻ യേഹൂ എവിടെ ഇരിക്കുന്നു എന്നു നോക്കി അകത്തു ചെന്നു അവന്റെ സഹോദരന്മാരുടെ നടുവിൽനിന്നു അവനെ എഴുന്നേല്പിച്ചു ഉൾമുറിയിലേക്കു കൊണ്ടുപോക.

5പിന്നെ തൈലപാത്രം എടുത്തു അവന്റെ തലയിൽ ഒഴിച്ചു: ഞാൻ നിന്നെ യിസ്രായേലിന്നു രാജാവായി അഭിഷേകം ചെയ്തിരിക്കുന്നു എന്നു യഹോവ അരുളിച്ചെയ്യുന്നു എന്നു പറഞ്ഞിട്ടു വാതിൽ തുറന്നു താമസിക്കാതെ ഓടിപ്പോരിക.

2Kings 9 illustration - 2Kings Chapter 9

6അങ്ങനെ പ്രവാചകനായ ആ യൌവനക്കാരൻ ഗിലെയാദിലെ രാമോത്തിലേക്കു പോയി.

7അവൻ അവിടെ എത്തിയപ്പോൾ പടനായകന്മാർ മരുമിച്ചു ഇരിക്കുന്നതു കണ്ടു: നായകാ, എനിക്കു നിന്നോടു ഒരു കാര്യം അറിയിപ്പാനുണ്ടു എന്നു അവൻ പറഞ്ഞതിന്നു: ഞങ്ങൾ എല്ലാവരിലുംവെച്ചു ആരോടു എന്നു യേഹൂ ചോദിച്ചു. നിന്നോടു തന്നേ, നായകാ എന്നു അവൻ ഉത്തരം പറഞ്ഞു.

8അവൻ എഴുന്നേറ്റു മുറിക്കകത്തു കടന്നു; അപ്പോൾ അവൻ തൈലം അവന്റെ തലയിൽ ഒഴിച്ചു അവനോടു പറഞ്ഞതെന്തെന്നാൽ: യിസ്രായേലിന്റെ ദൈവമായ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു; ഞാൻ നിന്നെ യഹോവയുടെ ജനമായ യിസ്രായേലിന്നു രാജാവായിട്ടു അഭിഷേകം ചെയ്തിരിക്കുന്നു.

9എന്റെ ദാസന്മാരായ പ്രവാചകന്മാരുടെ രക്തത്തിന്നും യഹോവയുടെ സകലദാസന്മാരുടെയും രക്തത്തിന്നും ഈസേബെലിനോടു ഞാൻ പ്രതികാരം ചെയ്യേണ്ടതിന്നു നിന്റെ യജമാനനായ ആഹാബിന്റെ ഗൃഹത്തെ നീ സംഹരിച്ചുകളയേണം.

10ആഹാബ്ഗൃഹം അശേഷം മുടിഞ്ഞുപോകേണം; യിസ്രായേലിൽ ആഹാബിന്നുള്ള സ്വതന്ത്രനും അസ്വതന്ത്രനുമായ പുരുഷപ്രജയെ ഒക്കെയും ഞാൻ ഛേദിച്ചുകളയും.

2Kings 9 illustration - 2Kings Chapter 9

11ഞാൻ ആഹാബ്ഗൃഹത്തെ നെബാത്തിന്റെ മകനായ യൊരോബെയാമിന്റെ ഗൃഹത്തെപ്പോലെയും അഹീയാവിന്റെ മകനായ ബയെശയുടെ ഗൃഹത്തെപ്പോലെയും ആക്കും.

12ഈസേബെലിനെ യിസ്രെയേൽ പ്രദേശത്തുവെച്ചു നായ്ക്കൾ തിന്നുകളയും; അവളെ അടക്കം ചെയ്‍വാൻ ആരും ഉണ്ടാകയില്ല. പിന്നെ അവൻ വാതിൽ തുറന്നു ഓടിപ്പോയി.

13യേഹൂതന്റെ യജമാനന്റെ ഭൃത്യന്മാരുടെ അടുക്കൽ പുറത്തു വന്നപ്പോൾ ഒരുത്തൻ അവനോടു: എന്താകുന്നു വിശേഷം? ആ ഭ്രാന്തൻ നിന്റെ അടുക്കൽ വന്നതെന്തിന്നു? എന്നു ചോദിച്ചു. അതിന്നു അവൻ അവരോടു: നിങ്ങൾ ആ പുരുഷനെയും അവൻ പറഞ്ഞകാര്യത്തെയും അറിയുന്നുവല്ലോ എന്നു പറഞ്ഞു.

14എന്നാറെ അവർ: അതു നേരല്ല; നീ ഞങ്ങളോടു പറയേണം എന്നു പറഞ്ഞതിന്നു അവൻ: ഞാൻ നിന്നെ യിസ്രായേലിന്നു രാജാവായിട്ടു അഭിഷേകം ചെയ്തിരിക്കുന്നു എന്നു യഹോവ അരുളിച്ചെയ്യുന്നു എന്നാദിയായി ഇന്നിന്ന കാര്യങ്ങൾ അവൻ എന്നോടു സംസാരിച്ചു എന്നു പറഞ്ഞു.

15ഉടനെ അവർ ബദ്ധപ്പെട്ടു ഓരോരുത്തൻ താന്താന്റെ വസ്ത്രം എടുത്തു കോവണിപ്പടികളിന്മേൽ അവന്റെ കാൽക്കൽ വിരിച്ചു. കാഹളം ഊതി: യേഹൂ രാജാവായി എന്നു പറഞ്ഞു.

2Kings 9 illustration - 2Kings Chapter 9

16അങ്ങനെ നിംശിയുടെ മകനായ യെഹോശാഫാത്തിന്റെ മകൻ യേഹൂ യോരാമിന്നു വിരോധമായി കൂട്ടുകെട്ടുണ്ടാക്കി. യോരാമും എല്ലായിസ്രായേലും അരാംരാജാവായ ഹസായേൽനിമിത്തം ഗിലെയാദിലെ രാമോത്തിനെ കാവൽ ആക്കി സൂക്ഷിച്ചിരുന്നു.

17അരാംരാജാവായ ഹസായേലിനോടുള്ള യുദ്ധത്തിൽ അരാമ്യർ തനിക്കു ഏല്പിച്ച മുറിവുകൾക്കു യിസ്രെയേലിൽവെച്ചു ചികിത്സചെയ്യേണ്ടതിന്നു യോരാംരാജാവു മടങ്ങിപ്പോന്നിരുന്നു. എന്നാൽ യേഹൂ: നിങ്ങൾക്കു സമ്മതമെങ്കിൽ യിസ്രെയേലിൽ ചെന്നു ഇതു അറിയിക്കേണ്ടതിന്നു ആരും പട്ടണം വിട്ടുപോകാതെ സൂക്ഷിക്കേണം എന്നു പറഞ്ഞു.

18അങ്ങനെ യേഹൂ രഥം കയറി യിസ്രെയേലിലേക്കു പോയി; യോരാം അവിടെ കിടക്കുകയായിരുന്നു. യോരാമിനെ കാണ്മാൻ യെഹൂദാരാജാവായ അഹസ്യാവും അവിടെ വന്നിരുന്നു.

19യിസ്രെയേലിലെ ഗോപുരമുകളിൽ ഒരു കാവൽക്കാരൻ നിന്നിരുന്നു; അവൻ യേവഹൂവിന്റെ കൂട്ടം വരുന്നതു കണ്ടിട്ടു: ഞാൻ ഒരു കൂട്ടത്തെ കാണുന്നു എന്നു പറഞ്ഞു. അപ്പോൾ യോരാം: നീ ഒരു കുതിരച്ചേവകനെ വിളിച്ചു അവരുടെ നേരെ അയക്കേണം; അവൻ ചെന്നു: സമാധാനമോ എന്നു ചോദിക്കട്ടെ എന്നു കല്പിച്ചു.

20അങ്ങനെ ഒരുത്തൻ കുതിരപ്പുറത്തു കയറി അവനെ എതിരേറ്റു ചെന്നു: സമാധാനമോ എന്നു രാജാവു ചോദിക്കുന്നു എന്നു പറഞ്ഞു. സമാധാനം കൊണ്ടു നിനക്കു എന്തു കാര്യം? തിരിഞ്ഞു എന്റെ പുറകിൽ വരിക എന്നു യേഹൂ പറഞ്ഞു. അപ്പോൾ കാവൽക്കാരൻ: ദൂതൻ അവരുടെ അടുക്കലോളം ചെന്നിട്ടും മടങ്ങിവരുന്നില്ല എന്നു അറിയിച്ചു.

2Kings 9 illustration - 2Kings Chapter 9

21അവൻ മറ്റൊരുത്തനെ കുതിരപ്പുറത്തു അയച്ചു; അവനും അവരുടെ അടുക്കൽ ചെന്നു: സമാധാനമോ എന്നു രാജാവു ചോദിക്കുന്നു എന്നു പറഞ്ഞു. സമാധാനംകൊണ്ടു നിനക്കു എന്തു കാര്യം? തിരിഞ്ഞു എന്റെ പുറകിൽ വരിക എന്നു യേഹൂ പറഞ്ഞു.

22അപ്പോൾ കാവൽക്കാരൻ: അവനും അവരുടെ അടുക്കലോളം ചെന്നിട്ടു മടങ്ങിവരുന്നില്ല; ആ ഓടിക്കുന്നതു നിംശിയുടെ മകനായ യേഹൂ ഓടിക്കുന്നതുപോലെ ഇരിക്കുന്നു; ഭ്രന്തനപ്പോലെയല്ലോ അവൻ ഓടിച്ചുവരുന്നതു എന്നു പറഞ്ഞു.

23ഉടനെ യോരാം: രഥം പൂട്ടുക എന്നു കല്പിച്ചു; രഥം പൂട്ടിയശേഷം യിസ്രായേൽ രാജാവായ യോരാമും യെഹൂദാരാജാവായ അഹസ്യാവും താന്താന്റെ രഥത്തിൽ കയറി യേഹൂവിന്റെ നേരെ പുറപ്പെട്ടു, യിസ്രെയേല്യനായ നാബോത്തിന്റെ നിലത്തിങ്കൽവെച്ചു അവനെ എതിരേറ്റു.

24യേഹൂവിനെ കണ്ടപ്പോൾ യോരാം: യേഹൂവേ, സമാധാനമോ എന്നു ചോദിച്ചു. അതിന്നു യേഹൂ: നിന്റെ അമ്മയായ ഈസേബെലിന്റെ പരസംഗവും ക്ഷുദ്രവും ഇത്ര അധികമായിരിക്കുന്നേടത്തോളം എന്തു സമാധാനം എന്നു പറഞ്ഞു.

25അപ്പോൾ യോരാം രഥം തിരിച്ചു ഓടിച്ചുകൊണ്ടു അഹസ്യാവോടു: അഹസ്യാവേ, ഇതു ദ്രോഹം എന്നു പറഞ്ഞു.

2Kings 9 illustration - 2Kings Chapter 9

26യേഹൂ വില്ലുകുലെച്ചു യോരാമിനെ ഭുജങ്ങളുടെ നടുവെ എയ്തു; അമ്പു അവന്റെ ഹൃദയം തുളഞ്ഞു മറുപുറം കടന്നു; അവൻ രഥത്തിൽ ചുരുണ്ടു വീണു.

27യേഹൂ തന്റെ പടനായകനായ ബിദ്കാരോടു പറഞ്ഞതു: അവനെ എടുത്തു യിസ്രെയേല്യനായ നാബോത്തിന്റെ നിലത്തിൽ എറിഞ്ഞുകളക; ഞാനും നീയും ഒരുമിച്ചു അവന്റെ അപ്പനായ ആഹാബിന്റെ പിന്നാലെ കുതിരയേറി പോകുമ്പോൾ:

28നാബോത്തിന്റെ രക്തവും അവന്റെ മക്കളുടെ രക്തവും ഇന്നലെ ഞാൻ കണ്ടിരിക്കുന്നു സത്യം എന്നു യഹോവ അരുളിച്ചെയ്യുന്നു; ഈ നിലത്തുവെച്ചു ഞാൻ നിനക്കു പകരം വീട്ടുമെന്നും യഹോവ അരുളിച്ചെയ്യുന്നു എന്നിങ്ങനെ യഹോവയുടെ ഈ അരുപ്പാടു അവന്നു വിരോധമായി ഉണ്ടായെന്നു ഓർത്തുകൊൾക; അവനെ എടുത്തു യഹോവയുടെ വചന പ്രകാരം തന്നേ ഈ നിലത്തിൽ എറിഞ്ഞുകളക.

29യെഹൂദാരാജാവായ അഹസ്യാവു ഇതു കണ്ടിട്ടു ഉദ്യാനഗൃഹത്തിന്റെ വഴിയായി ഓടിപ്പോയി. യേഹൂ അവനെ പിന്തുടർന്നു: അവനെയും രഥത്തിൽ വെട്ടിക്കളവിൻ എന്നു കല്പിച്ചു. അവർ യിബ്ളെയാമിന്നു സമീപത്തുള്ള ഗൂർകയറ്റത്തിങ്കൽവെച്ചു അവനെ വെട്ടി; അവൻ മെഗിദ്ദോവിലേക്കു ഓടിച്ചെന്നു അവിടെവെച്ചു മരിച്ചുപോയി.

30അവന്റെ ഭൃത്യന്മാർ അവനെ രഥത്തിൽവെച്ചു യെരൂശലേമിലേക്കു കെണ്ടുപോയി ദാവീദിന്റെ നഗരത്തിൽ അവന്റെ പിതാക്കന്മാരോടുകൂടെ അവന്റെ കല്ലറയിൽ അവനെ അടക്കംചെയ്തു.

2Kings 9 illustration - 2Kings Chapter 9

31ആഹാബിന്റെ മകനായ യോരാമിന്റെ പതിനൊന്നാം ആണ്ടിൽ ആയിരുന്നു അഹസ്യാവു യെഹൂദയിൽ രാജാവായതു.

32യേഹൂ യിസ്രായേലിൽ വന്നതു ഈസേബെൽ കേട്ടിട്ടു തന്റെ കണ്ണിൽ മഷിയെഴുതി തലചീകി മിനുക്കിക്കൊണ്ടു കിളിവാതിൽക്കൽകൂടി നോക്കി.

33യേഹൂ പടിവാതിൽ കടന്നപ്പോൾ അവൾ: യജമാനനെ കൊന്നവനായ സിമ്രിക്കു സമാധാനമോ എന്നു ചോദിച്ചു.

34അവൻ തന്റെ മുഖം കിളിവാതിൽക്കലേക്കു ഉയർത്തി: ആരുള്ളു എന്റെ പക്ഷത്തു? ആരുള്ളു എന്നു ചോദിച്ചു. എന്നാറെ രണ്ടുമൂന്നു ഷണ്ഡന്മാർ പുറത്തേക്കു നോക്കി.

35അവളെ താഴെ തള്ളിയിടുവിൻ എന്നു അവൻ കല്പിച്ചു. ഉടനെ അവർ അവളെ താഴെ തള്ളിയിട്ടു; അവളുടെ രക്തം ചുവരിന്മേലും കുതിരകളിന്മേലും തെറിച്ചു; അവൻ അവളെ ചവിട്ടിക്കളഞ്ഞു.

2Kings 9 illustration - 2Kings Chapter 9

36അവൻ ചെന്നു ഭക്ഷിച്ചു പാനം ചെയ്തശേഷം: ആ ശപിക്കപ്പെട്ടവളെ ചെന്നു നോക്കി അടക്കം ചെയ്‍വിൻ; അവൾ രാജകുമാരിയല്ലോ എന്നു പറഞ്ഞു.

37അവർ അവളെ അടക്കം ചെയ്‍വാൻ ചെന്നാറെ അവളുടെ തലമണ്ടയും കാലുകളും കൈപ്പത്തികളും അല്ലാതെ മറ്റൊന്നും കണ്ടില്ല.

Chapter Complete

You have read 2Kings 9

37 verses