1ആമോൻ ചെയ്ത മറ്റുള്ള വൃത്താന്തങ്ങൾ യെഹൂദാരാജാക്കന്മാരുടെ വൃത്താന്തപുസ്തകത്തിൽ എഴുതിയിരിക്കുന്നുവല്ലോ.
2ഉസ്സയുടെ തോട്ടത്തിലെ അവന്റെ കല്ലറയിൽ അവനെ അടക്കംചെയ്തു. അവന്റെ മകനായ യോശീയാവു അവന്നുപകരം രാജാവായി.
3യോശീയാവു വാഴ്ച തുടങ്ങിയപ്പോൾ അവന്നു എട്ടു വയസ്സായിരുന്നു; അവൻ മുപ്പത്തൊന്നു സംവത്സരം യെരൂശലേമിൽ വാണു. അവന്റെ അമ്മെക്കു യെദീദാ എന്നു പേർ; അവൾ ബൊസ്കത്ത് കാരനായ അദായാവിന്റെ മകൾ ആയിരുന്നു.
4അവൻ യഹോവെക്കു പ്രസാദമായുള്ളതു ചെയ്തു; തന്റെ പിതാവായ ദാവീദിന്റെ വഴിയിലൊക്കെയും വലത്തോട്ടും ഇടത്തോട്ടും മാറാതെ നടന്നു.
5യോശീയാരാജാവിന്റെ പതിനെട്ടാം ആണ്ടിൽ രാജാവു മെശുല്ലാമിന്റെ മകനായ അസല്യാവിന്റെ മകനായ ശാഫാൻ എന്ന രായസക്കാരനെ യഹോവയുടെ ആലയത്തിലേക്കു അയച്ചു പറഞ്ഞതെന്തെന്നാൽ:

6നീ മഹാപുരോഹിതനായ ഹിൽക്കീയാവിന്റെ അടുക്കൽ ചെല്ലുക. യഹോവയുടെ ആലയത്തിൽ പിരിഞ്ഞുവന്നതും വാതിൽകാവൽക്കാർ ജനത്തോടു പിരിച്ചെടുത്തതുമായ ദ്രവ്യം അവൻ കണകൂനോക്കട്ടെ.
7അവർ അതു യഹോവയുടെ ആലയത്തിലെ വിചാരകരായി പണിനടത്തുന്നവരുടെ കയ്യിൽ കൊടുക്കട്ടെ; അവർ അതു യഹോവയുടെ ആലയത്തിന്റെ അറ്റകുറ്റം തീർക്കേണ്ടതിന്നു
8അതിൽ പണി ചെയ്യുന്ന ആശാരികൾക്കും ശില്പികൾക്കും കല്പണിക്കാർക്കും ആലയത്തിന്റെ അറ്റകുറ്റപ്പണിക്കു മരവും ചെത്തിയ കല്ലും മേടിക്കേണ്ടതിന്നും കൊടുക്കട്ടെ.
9എന്നാൽ ദ്രവ്യം കയ്യേറ്റുവാങ്ങിയവരോടു കണക്കു ചോദിക്കേണ്ടാ; അവർ വിശ്വാസത്തിന്മേലല്ലോ പ്രവർത്തിക്കുന്നതു.
10മഹാപുരോഹിതനായ ഹിൽക്കീയാവു രായസക്കാരനായ ശാഫാനോടു: ഞാൻ ന്യായപ്രമാണപുസ്തകം യഹോവയുടെ ആലയത്തിൽ കണ്ടെത്തിയിരിക്കുന്നു എന്നു പറഞ്ഞു. ഹിൽക്കീയാവു ആ പുസ്തകം ശാഫാന്റെ കയ്യിൽ കൊടുത്തു; അവൻ അതു വായിച്ചു.

11രായസക്കാരനായ ശാഫാൻ രാജാവിന്റെ അടുക്കൽ ചെന്നു രാജാവിനോടു: ആലയത്തിൽ കണ്ട ദ്രവ്യം അടിയങ്ങൾ പെട്ടിയൊഴിച്ചെടുത്തു യഹോവയുടെ ആലയത്തിൽ വിചാരകരായി പണിനടത്തുന്നവരുടെ കയ്യിൽ കൊടുത്തിരിക്കുന്നു എന്നു മറുപടി ബോധിപ്പിച്ചു.
12ഹിൽക്കീയാപുരോഹിതൻ എന്റെ കയ്യിൽ ഒരു പുസ്തകം തന്നു എന്നും രായസക്കാരനായ ശാഫാൻ രാജാവിനോടു ബോധിപ്പിച്ചു. ശാഫാൻ അതു രാജസന്നിധിയിൽ വായിച്ചുകേൾപ്പിച്ചു.
13രാജാവു ന്യായപ്രമാണപുസ്തകത്തിലെ വാക്യങ്ങളെ കേട്ടിട്ടു വസ്ത്രം കീറി;
14രാജാവു പുരോഹിതനായ ഹിൽക്കീയാവോടും ശാഫാന്റെ മകൻ അഹീക്കാമിനോടും മീഖായാവിന്റെ മകൻ അക്ബോരിനോടും രായസക്കാരനായ ശാഫാനോടും രാജഭൃത്യനായ അസായാവോടും:
15നിങ്ങൾ ചെന്നു കണ്ടെത്തിയിരിക്കുന്ന ഈ പുസ്തകത്തിലെ വാക്യങ്ങളെക്കുറിച്ചു എനിക്കും ജനത്തിന്നും എല്ലായെഹൂദെക്കും വേണ്ടി യഹോവയോടു അരുളപ്പാടു ചോദിപ്പിൻ; നമുക്കുവേണ്ടി എഴുതിയിരിക്കുന്നതൊക്കെയും അനുസരിച്ചുനടപ്പാൻ തക്കവണ്ണം നമ്മുടെ പിതാക്കന്മാർ ഈ പുസ്തകത്തിലെ വാക്യങ്ങളെ കേൾക്കായ്കകൊണ്ടു നമ്മുടെ നേരെ ജ്വലിച്ചിരിക്കുന്ന യഹോവയുടെ കോപം വലിയതല്ലോ എന്നു കല്പിച്ചു.

16അങ്ങനെ ഹിൽക്കീയാ പുരോഹിതനും അഹീക്കാമും അക്ബോരും ശാഫാനും അസായാവും അർഹസിന്റെ മകനായ തിക്വയുടെ മകനായി രാജവസ്ത്രവിചാരകനായ ശല്ലൂമിന്റെ ഭാര്യ ഹുൽദാപ്രവാചകിയുടെ അടുക്കൽ ചെന്നു--അവൾ യെരൂശലേമിൽ രണ്ടാം ഭാഗത്തു പാർത്തിരുന്നു--അവളോടു സംസാരിച്ചു.
17അവൾ അവരോടു പറഞ്ഞതു: യിസ്രായേലിന്റെ ദൈവമായ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: നിങ്ങളെ എന്റെ അടുക്കൽ അയച്ചവനോടു നിങ്ങൾ പറയേണ്ടതു എന്തെന്നാൽ:
18യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: ഞാൻ ഈ സ്ഥലത്തിന്നും നിവാസികൾക്കും യെഹൂദാരാജാവു വായിപ്പിച്ച പുസ്തകത്തിൽ വിവരിച്ചിരിക്കുന്നതുപോലെ ഒക്കെയും അനർത്ഥം വരുത്തും.
19അവർ എന്നെ ഉപേക്ഷിച്ചു തങ്ങളുടെ സകല പ്രവൃത്തികളാലും എനിക്കു കോപം വരത്തക്കവണ്ണം അന്യദേവന്മാർക്കു ധൂപം കാട്ടിയതു കൊണ്ടു എന്റെ കോപം ഈ സ്ഥലത്തിന്റെ നേരെ ജ്വലിക്കും; അതു കെട്ടുപോകയുമില്ല.
20എന്നാൽ യഹോവയോടു ചോദിപ്പാൻ നിങ്ങളെ അയച്ച യെഹൂദാരാജാവിനോടു നിങ്ങൾ പറയേണ്ടതു എന്തെന്നാൽ: നീ കേട്ടിരിക്കുന്ന വാക്യങ്ങളെക്കുറിച്ചു യിസ്രായേലിന്റെ ദൈവമായ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു.
You have read 2Kings 22
20 verses