Lumina
2Corinthians

2Corinthians 7

2Corinthians 7·Malayalam Bible

1ദൈവാലയത്തിന്നു വിഗ്രഹങ്ങളോടു എന്തു യോജ്യത? നാം ജീവനുള്ള ദൈവത്തിന്റെ ആലയമല്ലോ. “ഞാൻ അവരിൽ വസിക്കയും അവരുടെ ഇടയിൽ നടക്കയും ചെയ്യും; ഞാൻ അവർക്കു ദൈവവും അവർ എനിക്കു ജനവും ആകും” എന്നു ദൈവം അരുളിച്ചെയ്തിരിക്കുന്നുവല്ലോ.

2അതുകൊണ്ടു “അവരുടെ നടുവിൽ നിന്നു പുറപ്പെട്ടു വേർപ്പെട്ടിരിപ്പിൻ എന്നു കർത്താവു അരുളിച്ചെയ്യുന്നു; അശുദ്ധമായതു ഒന്നും തൊടരുതു; എന്നാൽ ഞാൻ നിങ്ങളെ കൈക്കൊണ്ടു,

3നിങ്ങൾക്കു പിതാവും നിങ്ങൾ എനിക്കു പുത്രന്മാരും പുത്രിമാരും ആയിരിക്കും” എന്നു സർവ്വശക്തനായ കർത്താവു അരുളിച്ചെയ്യുന്നു.

4പ്രിയമുള്ളവരേ, ഈ വാഗ്ദത്തങ്ങൾ നമുക്കു ഉള്ളതുകൊണ്ടു നാം ജഡത്തിലെയും ആത്മാവിലെയും സകല കന്മഷവും നീക്കി നമ്മെത്തന്നേ വെടിപ്പാക്കി ദൈവഭയത്തിൽ വിശുദ്ധിയെ തികെച്ചുകൊൾക.

5നിങ്ങളുടെ ഉള്ളിൽ ഞങ്ങൾക്കു ഇടം തരുവിൻ; ഞങ്ങൾ ആരോടും അന്യായം ചെയ്തിട്ടില്ല, ആരെയും കെടുത്തീട്ടില്ല; ആരോടും ഒന്നും വഞ്ചിച്ചെടുത്തിട്ടുമില്ല.

2Corinthians 7 illustration - 2Corinthians Chapter 7

6കുറ്റം വിധിപ്പാനല്ല ഞാൻ ഇതു പറയുന്നതു; ഒരുമിച്ചു മരിപ്പാനും ഒരുമിച്ചു ജീവിപ്പാനും നിങ്ങൾ ഞങ്ങളുടെ ഹൃദയങ്ങളിൽ ഇരിക്കുന്നു എന്നു ഞാൻ മുമ്പുതന്നെ പറഞ്ഞിട്ടുണ്ടല്ലോ.

7നിങ്ങളോടു എനിക്കുള്ള പ്രാഗത്ഭ്യം വലിയതു; നിങ്ങളെക്കുറിച്ചുള്ള എന്റെ പ്രശംസ വലിയതു; ഞാൻ ആശ്വാസംകൊണ്ടു നിറഞ്ഞിരിക്കുന്നു; ഞങ്ങളുടെ സകല കഷ്ടതയിലും സന്തോഷം എനിക്കു കവിഞ്ഞിരിക്കുന്നു.

8ഞങ്ങൾ മക്കെദോന്യയിൽ എത്തിയ ശേഷവും ഞങ്ങളുടെ ജഡത്തിന്നു ഒട്ടും സുഖമല്ല എല്ലാവിധത്തിലും കഷ്ടമത്രേ ഉണ്ടായതു; പുറത്തു യുദ്ധം, അകത്തു ഭയം.

9എങ്കിലും എളിയവരെ ആശ്വസിപ്പിക്കുന്ന ദൈവം തീതൊസിന്റെ വരവിനാൽ ഞങ്ങളെ ആശ്വസിപ്പിച്ചു.

10അവന്റെ വരവിനാൽ മാത്രമല്ല, അവന്നു നിങ്ങളെക്കൊണ്ടു ലഭിച്ച ആശ്വാസത്താലുംകൂടെ; നിങ്ങളുടെ വാഞ്ഛയും നിങ്ങളുടെ വിലാപവും എനിക്കായുള്ള നിങ്ങളുടെ എരിവും ഞങ്ങളോടു അറിയിച്ചതിനാൽ തന്നേ. അതുകൊണ്ടു ഞാൻ അധികമായി സന്തോഷിച്ചു.

2Corinthians 7 illustration - 2Corinthians Chapter 7

11ഞാൻ ലേഖനത്താൽ നിങ്ങളെ ദുഃഖിപ്പിച്ചു എന്നു വരികിലും ഞാൻ അനുതപിക്കുന്നില്ല; ആ ലേഖനം നിങ്ങളെ കുറയനേരത്തേക്കെങ്കിലും ദുഃഖിപ്പിച്ചു എന്നു കാണുന്നതുകൊണ്ടു മുമ്പെ അനുതപിച്ചു എങ്കിലും ഇപ്പോൾ ഞാൻ സന്തോഷിക്കുന്നു;

12നിങ്ങൾ ദുഃഖിച്ചതിനാലല്ല, മാനസാന്തരത്തിന്നായി ദുഃഖിച്ചതിനാൽ അത്രേ. നിങ്ങൾക്കു ഞങ്ങളാൽ ഒന്നിലും ചേതം വരാതവണ്ണം ദൈവഹിതപ്രകാരമല്ലോ നിങ്ങൾ ദുഃഖിച്ചതു.

13ദൈവഹിതപ്രകാരമുള്ള ദുഃഖം അനുതാപം വരാത്ത മാനസാന്തരത്തെ രക്ഷെക്കായി ഉളവാക്കുന്നു; ലോകത്തിന്റെ ദുഃഖമോ മരണത്തെ ഉളവാക്കുന്നു.

14ദൈവഹിതപ്രകാരം നിങ്ങൾക്കുണ്ടായ ഈ ദുഃഖം എത്ര ഉത്സാഹം, എത്ര പ്രതിവാദം, എത്ര നീരസം, എത്ര ഭയം, എത്ര വാഞ്ഛ, എത്ര എരിവു, എത്ര പ്രതികാരം നിങ്ങളിൽ ജനിപ്പിച്ചു; ഈ കാര്യത്തിൽ നിങ്ങൾ നിർമ്മലന്മാർ എന്നു എല്ലാവിധത്തിലും കാണിച്ചിരിക്കുന്നു.

15ഞാൻ നിങ്ങൾക്കു എഴുതിയതു അന്യായം ചെയ്തവൻ നിമിത്തം അല്ല, അന്യായം അനുഭവിച്ചവൻ നിമിത്തവുമല്ല, ഞങ്ങൾക്കു വേണ്ടിയുള്ള നിങ്ങളുടെ ഉത്സാഹം ദൈവത്തിൻ മുമ്പാകെ നിങ്ങളുടെ ഇടയിൽ വെളിപ്പെടേണ്ടതിന്നു തന്നേ.

2Corinthians 7 illustration - 2Corinthians Chapter 7

16അതുകൊണ്ടു ഞങ്ങൾക്കു ആശ്വാസം വന്നിരിക്കുന്നു; ഞങ്ങളുടെ ആശ്വാസമൊഴികെ തീതൊസിന്റെ മനസ്സിന്നു നിങ്ങളെല്ലാവരാലും തണുപ്പു വന്നതുകൊണ്ടു അവന്നുണ്ടായ സന്തോഷംനിമിത്തം ഞങ്ങൾ എത്രയും അധികം സന്തോഷിച്ചു.

Chapter Complete

You have read 2Corinthians 7

16 verses