1ഈ പരിശുദ്ധദൈവമായ യഹോവയുടെ മുമ്പാകെ നില്പാൻ ആർക്കു കഴിയും? അവൻ ഞങ്ങളെ വിട്ടു ആരുടെ അടുക്കൽ പോകും എന്നു ബേത്ത്-ശേമെശ്യർ പറഞ്ഞു.
2അവർ കിർയ്യത്ത്-യെയാരീംനിവാസികളുടെ അടുക്കൽ ദൂതന്മാരെ അയച്ചു: ഫെലിസ്ത്യർ യഹോവയുടെ പെട്ടകം മടക്കി അയച്ചിരിക്കുന്നു; നിങ്ങൾ വന്നു അതിനെ നിങ്ങളുടെ അടുക്കൽ കൊണ്ടു പോകുവിൻ എന്നു പറയിച്ചു.
3കിർയ്യത്ത്-യെയാരീംനിവാസികൾ വന്നു യഹോവയുടെ പെട്ടകം എടുത്തു കുന്നിന്മേൽ അബീനാദാബിന്റെ വീട്ടിൽ കൊണ്ടുപോയി; അവന്റെ മകനായ എലെയാസാരിനെ യഹോവയുടെ പെട്ടകം സൂക്ഷിക്കേണ്ടതിന്നു ശുദ്ധീകരിച്ചു.
4പെട്ടകം കിർയ്യത്ത്-യെയാരീമിൽ ആയിട്ടു ഏറിയകാലം, ഇരുപതു സംവത്സരം തന്നേ, കഴിഞ്ഞു; യിസ്രായേൽഗൃഹമൊക്കെയും യഹോവയോടു വിലപിച്ചു.
5അപ്പോൾ ശമൂവേൽ എല്ലായിസ്രായേൽഗൃഹത്തോടും: നിങ്ങൾ പൂർണ്ണഹൃദയത്തോടെ യഹോവയിങ്കലേക്കു തിരിയുന്നു എങ്കിൽ അന്യദൈവങ്ങളെയും അസ്തോരെത്ത് പ്രതിഷ്ഠകളെയും നിങ്ങളുടെ ഇടയിൽനിന്നു നീക്കിക്കളഞ്ഞു നിങ്ങളുടെ ഹൃദയങ്ങളെ യഹോവയിങ്കലേക്കു തിരിക്കയും അവനെ മാത്രം സേവിക്കയും ചെയ്‍വിൻ; എന്നാൽ അവൻ നിങ്ങളെ ഫെലിസ്ത്യരുടെ കയ്യിൽനിന്നു വിടുവിക്കും എന്നു പറഞ്ഞു.

6അങ്ങനെ യിസ്രായേൽമക്കൾ ബാൽവിഗ്രഹങ്ങളെയും അസ്തോരെത്ത് പ്രതിഷ്ഠകളെയും നീക്കിക്കളഞ്ഞു യഹോവയെ മാത്രം സേവിച്ചു.
7അനന്തരം ശമൂവേൽ: എല്ലായിസ്രായേലിനെയും മിസ്പയിൽ കൂട്ടുവിൻ; ഞാൻ നിങ്ങൾക്കു വേണ്ടി യഹോവയോടു പ്രാർത്ഥിക്കും എന്നു പറഞ്ഞു.
8അവർ മിസ്പയിൽ ഒന്നിച്ചുകൂടി; വെള്ളം കോരി യഹോവയുടെ സന്നിധിയിൽ ഒഴിച്ചു ആ ദിവസം ഉപവസിച്ചു: ഞങ്ങൾ യഹോവയോടു പാപം ചെയ്തിരിക്കുന്നു എന്നു അവിടെവെച്ചു പറഞ്ഞു. പിന്നെ ശമൂവേൽ മിസ്പയിൽവെച്ചു യിസ്രായേൽമക്കൾക്കു ന്യായപാലനം ചെയ്തു.
9യിസ്രായേൽമക്കൾ മിസ്പയിൽ ഒന്നിച്ചുകൂടി എന്നു ഫെലിസ്ത്യർ കേട്ടപ്പോൾ ഫെലിസ്ത്യപ്രഭുക്കന്മാർ യിസ്രായേലിന്റെ നേരെ പുറപ്പെട്ടുവന്നു; യിസ്രായേൽമക്കൾ അതു കേട്ടിട്ടു ഫെലിസ്ത്യരെ ഭയപ്പെട്ടു.
10യിസ്രായേൽമക്കൾ ശമൂവേലിനോടു: നമ്മുടെ ദൈവമായ യഹോവ ഞങ്ങളെ ഫെലിസ്ത്യരുടെ കയ്യിൽനിന്നു രക്ഷിക്കേണ്ടതിന്നു ഞങ്ങൾക്കു വേണ്ടി അവനോടു പ്രാർത്ഥിക്കുന്നതു മതിയാക്കരുതേ എന്നു പറഞ്ഞു.

11അപ്പോൾ ശമൂവേൽ പാൽ കുടിക്കുന്ന ഒരു ആട്ടിൻ കുട്ടിയെ എടുത്തു യഹോവെക്കു സർവ്വാംഗഹോമം കഴിച്ചു. ശമൂവേൽ യിസ്രായേലിന്നു വേണ്ടി യഹോവയോടു പ്രാർത്ഥിച്ചു; യഹോവ ഉത്തരമരുളി.
12ശമൂവേൽ ഹോമയാഗം കഴിച്ചുകൊണ്ടിരിക്കുമ്പോൾ ഫെലിസ്ത്യർ യിസ്രായേലിനോടു പടെക്കു അടുത്തു; എന്നാൽ യഹോവ അന്നു ഫെലിസ്ത്യരുടെമേൽ വലിയ ഇടിമുഴക്കി അവരെ പരിഭ്രമിപ്പിച്ചു; അവർ യിസ്രായേലിനോടു തോറ്റു.
13യിസ്രായേല്യർ മിസ്പയിൽനിന്നു പുറപ്പെട്ടു ഫെലിസ്ത്യരെ പിന്തുടർന്നു; ബേത്ത്-കാരിന്റെ താഴെവരെ അവരെ സംഹരിച്ചു.
14പിന്നെ ശമൂവേൽ ഒരു കല്ലു എടുത്തു മിസ്പെക്കും ശേനിന്നും മദ്ധ്യേ നാട്ടി: ഇത്രത്തോളം യഹോവ നമ്മെ സഹായിച്ചു എന്നു പറഞ്ഞു അതിന്നു ഏബെൻ-ഏസെർ എന്നു പേരിട്ടു.
15ഇങ്ങനെ ഫെലിസ്ത്യർ ഒതുങ്ങി, പിന്നെ യിസ്രായേൽദേശത്തേക്കു വന്നതുമില്ല; ശമൂവേലിന്റെ കാലത്തൊക്കെയും യഹോവയുടെ കൈ ഫെലിസ്ത്യർക്കു വിരോധമായിരുന്നു.

16എക്രോൻ മുതൽ ഗത്ത്‌വരെ ഫെലിസ്ത്യർ യിസ്രായേലിനോടു പിടിച്ചിരുന്ന പട്ടണങ്ങൾ യിസ്രായേലിന്നു തിരികെ കിട്ടി; അവയുടെ അതിർനാടുകളും യിസ്രായേൽ ഫെലിസ്ത്യരുടെ കയ്യിൽനിന്നു വിടുവിച്ചു. യിസ്രായേലും അമോർയ്യരും തമ്മിൽ സമാധാനമായിരുന്നു.
17ശമൂവേൽ ജീവപര്യന്തം യിസ്രായേലിന്നു ന്യായപാലനം ചെയ്തു.
You have read 1Samuel 7
17 verses