Lumina
1Samuel

David at Nob and Gath

1Samuel 21·Malayalam Bible

1ബാല്യക്കാരൻ പോയ ഉടനെ ദാവീദ് തെക്കുവശത്തുനിന്നു എഴുന്നേറ്റുവന്നു മൂന്നു പ്രാവശ്യം സാഷ്ടാംഗം വീണു നമസ്കരിച്ചു; അവർ തമ്മിൽ ചുംബനംചെയ്തു കരഞ്ഞു; ദാവീദോ ഉച്ചത്തിൽ കരഞ്ഞുപോയി.

2യോനാഥാൻ ദാവീദിനോടു: യഹോവ എനിക്കും നിനക്കും എന്റെ സന്തതിക്കും നിന്റെ സന്തതിക്കും മദ്ധ്യേ എന്നേക്കും സാക്ഷി എന്നിങ്ങനെ നാം ഇരുവരും യഹോവയുടെ നാമത്തിൽ സത്യം ചെയ്തിരിക്കകൊണ്ടു സമാധാനത്തോടെ പോക എന്നു പറഞ്ഞു. അങ്ങനെ അവൻ എഴുന്നേറ്റു പോയി; യോനാഥാനോ പട്ടണത്തിലേക്കു പോന്നു.

3ദാവീദ് നോബിൽ പുരോഹിതനായ അഹീമേലെക്കിന്റെ അടുക്കൽ ചെന്നു; അഹീമേലെക്ക് ദാവീദിനെ സംഭ്രമത്തോടെ എതിരേറ്റു അവനോടു: ആരും കൂടെ ഇല്ലാതെ തനിച്ചുവരുന്നതു എന്തു എന്നു ചോദിച്ചു.

4ദാവീദ് പുരോഹിതനായ അഹീമേലെക്കിനോടു: രാജാവു എന്നെ ഒരു കാര്യം ഏല്പിച്ചു: ഞാൻ നിന്നെ അയക്കുന്നതും നിന്നോടു കല്പിക്കുന്നതുമായ കാര്യം ഒന്നും ആരും അറിയരുതു എന്നു കല്പിച്ചിരിക്കുന്നു. എന്റെ ബാല്യക്കാർ ഇന്ന സ്ഥലത്തു വരേണമെന്നു ഞാൻ ചട്ടം കെട്ടിയിരിക്കുന്നു.

5ആകയാൽ നിന്റെ കൈവശം വല്ലതും ഉണ്ടോ? ഒരഞ്ചപ്പം അല്ലെങ്കിൽ തൽക്കാലം കൈവശമുള്ളതെന്തെങ്കിലും എനിക്കു തരേണം എന്നു പറഞ്ഞു.

1Samuel 21 illustration - 1Samuel Chapter 21

6അതിന്നു പുരോഹിതൻ ദാവീദിനോടു: വിശുദ്ധമായ അപ്പം അല്ലാതെ സാമാന്യമായതു കൈവശം ഇല്ല; ബാല്യക്കാർ സ്ത്രീകളോടു അകന്നിരിക്കുന്നു എങ്കിൽ തരാമെന്നു ഉത്തരം പറഞ്ഞു.

7ദാവീദ് പുരോഹിതനോടു: ഈ മൂന്നു ദിവസമായി സ്ത്രീകൾ ഞങ്ങളോടു അകന്നിരിക്കുന്നു. ഇതു ഒരു സാമാന്യയാത്ര എങ്കിലും ഞാൻ പുറപ്പെടുമ്പേൾ തന്നേ ബാല്യക്കാരുടെ യാത്രക്കോപ്പുകൾ ശുദ്ധമായിരുന്നു; ഇന്നോ അവരുടെ കോപ്പുകൾ എത്ര അധികം ശുദ്ധമായിരിക്കും എന്നു പറഞ്ഞു.

8അങ്ങനെ പുരോഹിതൻ അവന്നു വിശുദ്ധമായ അപ്പം കൊടുത്തു; അപ്പം മാറ്റുന്ന ദിവസം ചൂടുള്ള അപ്പം വെക്കേണ്ടതിന്നു യഹോവയുടെ സന്നിധിയിൽ നിന്നു നീക്കിയ കാഴ്ചയപ്പം അല്ലാതെ അവിടെ വേറെ അപ്പം ഇല്ലായിരുന്നു.

9എന്നാൽ അന്നു ശൌലിന്റെ ഭൃത്യന്മാരിൽ ദോവേഗ് എന്നു പേരുള്ള ഒരു എദോമ്യനെ അവിടെ യഹോവയുടെ സന്നിധിയിൽ അടെച്ചിട്ടിരുന്നു; അവൻ ശൌലിന്റെ ഇടയന്മാർക്കു പ്രമാണി ആയിരുന്നു.

10ദാവീദ് അഹീമേലെക്കിനോടു: ഇവിടെ നിന്റെ കൈവശം കുന്തമോ വാളോ ഉണ്ടോ? രാജാവിന്റെ കാര്യം തിടുക്കമായിരുന്നതുകൊണ്ടു ഞാൻ എന്റെ വാളും ആയുധങ്ങളും കൊണ്ടുപോന്നില്ല, എന്നു പറഞ്ഞു.

1Samuel 21 illustration - 1Samuel Chapter 21

11അപ്പോൾ പുരോഹിതൻ: ഏലാ താഴ്വരയിൽവെച്ചു നീ കൊന്ന ഫെലിസ്ത്യനായ ഗൊല്യാത്തിന്റെ വാൾ ഏഫോദിന്റെ പുറകിൽ ഒരു ശീലയിൽ പൊതിഞ്ഞു വെച്ചിരിക്കുന്നു; അതു വേണമെങ്കിൽ എടുത്തുകൊൾക; അതല്ലാതെ വേറെ ഒന്നുമില്ല എന്നു പറഞ്ഞു. അതിന്നു തുല്യം മറ്റൊന്നുമില്ല; അതു എനിക്കു തരേണം എന്നു ദാവീദ് പറഞ്ഞു.

12പിന്നെ ദാവീദ് പുറപ്പെട്ടു അന്നു തന്നേ ശൌലിന്റെ നിമിത്തം ഗത്ത്‌രാജാവായ ആഖീശിന്റെ അടുക്കൽ ഓടിച്ചെന്നു.

13എന്നാൽ ആഖീശിന്റെ ഭൃത്യന്മാർ അവനോടു: ഇവൻ ദേശത്തിലെ രാജാവായ ദാവീദ് അല്ലയോ? ശൌൽ ആയിരത്തെ കൊന്നു ദാവീദോ പതിനായിരത്തെ എന്നു അവർ നൃത്തങ്ങളിൽ ഗാനപ്രതിഗാനം ചെയ്തതു ഇവനെക്കുറിച്ചല്ലയോ എന്നു പറഞ്ഞു.

14ദാവീദ് ഈ വാക്കുകളെ മനസ്സിലാക്കീട്ടു ഗത്ത് രാജാവായ ആഖീശിനെ ഏറ്റവും ഭയപ്പെട്ടു.

15അവരുടെ മുമ്പാകെ തന്റെ പ്രകൃതി മാറ്റി, അവരുടെ കൈകളിൽ ഇരിക്കെ ബുദ്ധിഭ്രമം നടിച്ചു വാതിലിന്റെ കതകുകളിൽ വരെച്ചു താടിമേൽ തുപ്പൽ ഒലിപ്പിച്ചുകൊണ്ടിരുന്നു.

Chapter Complete

You have read 1Samuel 21

15 verses