Lumina
1Samuel

Saul Anointed King

1Samuel 10·Malayalam Bible

1അവർ അതികാലത്തു അരുണോദയത്തിങ്കൽ എഴുന്നേറ്റു; ശമൂവേൽ മുകളിൽനിന്നു ശൌലിനെ വിളിച്ചു: എഴുന്നേൽക്ക, ഞാൻ നിന്നെ യാത്ര അയക്കാം എന്നു പറഞ്ഞു. ശൌൽ എഴുന്നേറ്റു, അവർ രണ്ടുപേരും, അവനും ശമൂവേലും തന്നേ, വെളിയിലേക്കു പുറപ്പെട്ടു.

2പട്ടണത്തിന്റെ അറ്റത്തു എത്തിയപ്പോൾ ശമൂവേൽ ശൌലിനോടു: ഭൃത്യൻ മുമ്പെ കടന്നു പോകുവാൻ പറക; - അവൻ കടന്നുപോയി;-- ഞാൻ നിന്നോടു ദൈവത്തിന്റെ അരുളപ്പാടു അറിയിക്കേണ്ടതിന്നു നീ അല്പം നിൽക്ക എന്നു പറഞ്ഞു.

3അപ്പോൾ ശമൂവേൽ തൈലപാത്രം എടുത്തു അവന്റെ തലയിൽ ഒഴിച്ചു അവനെ ചുംബിച്ചു പറഞ്ഞതു: യഹോവ തന്റെ അവകാശത്തിന്നു പ്രഭുവായി നിന്നെ അഭിഷേകം ചെയ്തിരിക്കുന്നു.

4നീ ഇന്നു എന്നെ പിരിഞ്ഞുപോകുമ്പോൾ ബെന്യാമീന്റെ അതിരിങ്കലെ സെൽസഹിൽ റാഹേലിന്റെ കല്ലറെക്കരികെവെച്ചു രണ്ടാളെ കാണും; നീ അന്വേഷിപ്പാൻ പുറപ്പെട്ടുപോന്ന കഴുതകളെ കണ്ടുകിട്ടിയിരിക്കുന്നു; നിന്റെ അപ്പൻ കഴുതയെക്കുറിച്ചുള്ള ചിന്ത വിട്ടു: എന്റെ മകന്നുവേണ്ടി ഞാൻ എന്തു ചെയ്യേണ്ടു എന്നു പറഞ്ഞു നിങ്ങളെക്കുറിച്ചു വിഷാദിച്ചിരിക്കുന്നു എന്നു അവർ നിന്നോടു പറയും.

5അവിടെനിന്നു നീ മുമ്പോട്ടു ചെന്നു താബോരിലെ കരുവേലകത്തിന്നരികെ എത്തുമ്പോൾ ഒരുത്തൻ മൂന്നു ആട്ടിൻ കുട്ടിയെയും വേറൊരുത്തൻ മൂന്നു അപ്പവും വേറൊരുത്തൻ ഒരു തുരുത്തി വീഞ്ഞും ചുമന്നുകൊണ്ടു ഇങ്ങനെ മൂന്നു പുരുഷന്മാർ ബേഥേലിൽ ദൈവത്തിന്റെ അടുക്കൽ പോകുന്നതായി നിനക്കു എതിർപെടും.

1Samuel 10 illustration - 1Samuel Chapter 10

6അവർ നിന്നോടു കുശലം ചോദിക്കും; നിനക്കു രണ്ടു അപ്പവും തരും; നീ അതു അവരുടെ കയ്യിൽനിന്നു വാങ്ങിക്കൊള്ളേണം.

7അതിന്റെ ശേഷം നീ ഫെലിസ്ത്യരുടെ പട്ടാളം ഉള്ള ദൈവഗിരിക്കു എത്തും; അവിടെ പട്ടണത്തിൽ കടക്കുമ്പോൾ മുമ്പിൽ വീണ, തപ്പു, കുഴൽ, കിന്നരം എന്നിവയോടുകൂടെ പൂജാഗിരിയിൽനിന്നു ഇറങ്ങിവരുന്ന ഒരു പ്രവാചകഗണത്തെ കാണും; അവർ പ്രവചിച്ചുകൊണ്ടിരിക്കും.

8യഹോവയുടെ ആത്മാവു ശക്തിയോടെ നിന്റെമേൽ വന്നിട്ടു നീയും അവരോടുകൂടെ പ്രവചിക്കയും ആൾ മാറിയതുപോലെ ആയ്തീരുകയും ചെയ്യും.

9ഈ അടയാളങ്ങൾ നിനക്കു സംഭവിക്കുമ്പോൾ യുക്തമെന്നു തോന്നുന്നതു ചെയ്ക; ദൈവം നിന്നോടുകൂടെ ഉണ്ടു.

10എന്നാൽ നീ എനിക്കു മുമ്പെ ഗില്ഗാലിലേക്കു പോകേണം; ഹോമയാഗങ്ങളും സമാധാനയാഗങ്ങളും കഴിപ്പാൻ ഞാൻ നിന്റെ അടുക്കൽ വരും; ഞാൻ നിന്റെ അടുക്കൽ വന്നു നീ ചെയ്യേണ്ടതെന്തെന്നു പറഞ്ഞുതരുവോളം ഏഴു ദിവസം അവിടെ കാത്തിരിക്കേണം.

1Samuel 10 illustration - 1Samuel Chapter 10

11ഇങ്ങനെ അവൻ ശമൂവേലിനെ വിട്ടുപിരിഞ്ഞപ്പോൾ ദൈവം അവന്നു വേറൊരു ഹൃദയംകൊടുത്തു; ആ അടയാളങ്ങളെല്ലാം അന്നു തന്നേ സംഭവിച്ചു.

12അവർ അവിടെ ഗിരിയിങ്കൽ എത്തിയപ്പോൾ ഒരു പ്രവാചകഗണം ഇതാ, അവന്നെതിരെ വരുന്നു; ദൈവത്തിന്റെ ആത്മാവു ശക്തിയോടെ അവന്റെമേൽ വന്നു; അവൻ അവരുടെ ഇടയിൽ പ്രവചിച്ചു.

13അവനെ മുമ്പെ അറിഞ്ഞവർ ഒക്കെയും അവൻ പ്രവാചകന്മാരുടെ കൂട്ടത്തിൽ പ്രവചിക്കുന്നതു കണ്ടപ്പോൾ: കീശിന്റെ മകന്നു എന്തു സംഭവിച്ചു? ശൌലും പ്രവാചകന്മാരുടെ കൂട്ടത്തിൽ ആയോ എന്നു ജനം തമ്മിൽ തമ്മിൽ പറഞ്ഞു.

14അതിന്നു അവിടത്തുകാരിൽ ഒരുത്തൻ: ആരാകുന്നു അവരുടെ ഗുരുനാഥൻ എന്നു പറഞ്ഞു. ആകയാൽ ശൌലും ഉണ്ടോ പ്രവാചകഗണത്തിൽ എന്നുള്ളതു പഴഞ്ചൊല്ലായി തീർന്നു.

15അവൻ പ്രവചിച്ചു കഴിഞ്ഞശേഷം ഗിബെയയിൽ എത്തി.

1Samuel 10 illustration - 1Samuel Chapter 10

16ശൌലിന്റെ ഇളയപ്പൻ അവനോടും അവന്റെ ഭൃത്യനോടും: നിങ്ങൾ എവിടെ പോയിരുന്നു എന്നു ചോദിച്ചു. കഴുതകളെ തിരയുവാൻ പോയിരുന്നു; അവയെ കാണായ്കയാൽ ഞങ്ങൾ ശമൂവേലിന്റെ അടുക്കൽ പോയി എന്നു അവൻ പറഞ്ഞു.

17ശമൂവേൽ നിങ്ങളോടു പറഞ്ഞതു എന്നെ അറിയിക്കേണം എന്നു ശൌലിന്റെ ഇളയപ്പൻ പറഞ്ഞു.

18ശൌൽ തന്റെ ഇളയപ്പനോടു: കഴുതകളെ കണ്ടുകിട്ടിയിരിക്കുന്നു എന്നു അവൻ ഞങ്ങളോടു തിട്ടമായി അറിയിച്ചു എന്നു പറഞ്ഞു; എങ്കിലും ശമൂവേൽ രാജത്വം സംബന്ധിച്ചു പറഞ്ഞതു അവൻ അവനോടു അറിയിച്ചില്ല.

19അനന്തരം ശമൂവേൽ ജനത്തെ മിസ്പയിൽ യഹോവയുടെ സന്നിധിയിൽ വിളിച്ചുകൂട്ടി,

20യിസ്രായേൽമക്കളോടു പറഞ്ഞതെന്തെന്നാൽ: യിസ്രായേലിന്റെ ദൈവമായ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: ഞാൻ യിസ്രായേലിനെ മിസ്രയീമിൽനിന്നു കൊണ്ടുവന്നു മിസ്രയീമ്യരുടെ കയ്യിൽനിന്നും നിങ്ങളെ ഉപദ്രവിച്ച സകലരാജ്യക്കാരുടെയും കയ്യിൽനിന്നും നിങ്ങളെ വിടുവിച്ചു.

1Samuel 10 illustration - 1Samuel Chapter 10

21നിങ്ങളോ സകല അനർത്ഥങ്ങളിൽനിന്നും കഷ്ടങ്ങളിൽനിന്നും നിങ്ങളെ രക്ഷിച്ച നിങ്ങളുടെ ദൈവത്തെ ഇന്നു ത്യജിച്ചു: ഞങ്ങൾക്കു ഒരു രാജാവിനെ നിയമിച്ചുതരേണമെന്നു അവനോടു പറഞ്ഞിരിക്കുന്നു. ആകയാൽ നിങ്ങൾ ഇപ്പോൾ ഗോത്രംഗോത്രമായും സഹസ്രംസഹസ്രമായും യഹോവയുടെ സന്നിധിയിൽ നില്പിൻ.

22അങ്ങനെ ശമൂവേൽ യിസ്രായേൽഗോത്രങ്ങളെയെല്ലാം അടുത്തു വരുമാറാക്കി; ബെന്യാമീൻ ഗോത്രത്തിന്നു ചീട്ടു വീണു.

23അവൻ ബെന്യാമീൻ ഗോത്രത്തെ കുടുംബംകുടുംബമായി അടുത്തുവരുമാറാക്കി; മത്രികുടുംബത്തിന്നു ചീട്ടു വീണു; പിന്നെ കീശിന്റെ മകനായ ശൌലിന്നു ചീട്ടുവീണു; അവർ അവനെ അന്വേഷിച്ചപ്പോൾ കണ്ടില്ല.

24അവർ പിന്നെയും യഹോവയോടു: ആയാൾ ഇവിടെ വന്നിട്ടുണ്ടോ എന്നു ചോദിച്ചു. അതിന്നു യഹോവ: അവൻ സാമാനങ്ങളുടെ ഇടയിൽ ഒളിച്ചിരിക്കുന്നു എന്നു അരുളിച്ചെയ്തു.

25അവർ ഓടിച്ചെന്നു അവിടെനിന്നു അവനെ കൊണ്ടുവന്നു. ജനമദ്ധ്യേ നിന്നപ്പോൾ അവൻ ജനത്തിൽ എല്ലാവരെക്കാളും തോൾമുതൽ പൊക്കമേറിയവനായിരുന്നു.

1Samuel 10 illustration - 1Samuel Chapter 10

26അപ്പോൾ ശമൂവേൽ സർവ്വജനത്തോടും: യഹോവ തിരഞ്ഞെടുത്തവനെ നിങ്ങൾ കാണുന്നുവോ? സർവ്വജനത്തിലും അവനെപ്പോലെ ഒരുത്തനും ഇല്ലല്ലോ എന്നു പറഞ്ഞു. ജനമെല്ലാം: രാജാവേ, ജയ ജയ എന്നു ആർത്തു.

27അതിന്റെ ശേഷം ശമൂവേൽ രാജധർമ്മം ജനത്തെ പറഞ്ഞുകേൾപ്പിച്ചു; അതു ഒരു പുസ്തകത്തിൽ എഴുതി യഹോവയുടെ സന്നിധിയിൽ വെച്ചു. പിന്നെ ശമൂവേൽ ജനത്തെയെല്ലാം വീട്ടിലേക്കു പറഞ്ഞയച്ചു.

Chapter Complete

You have read 1Samuel 10

27 verses