1അവർ അവിടെ ഭക്ഷിച്ചും പാനം ചെയ്തുംകൊണ്ടു ദാവീദിനോടുകൂടെ മൂന്നു ദിവസം പാർത്തു; അവരുടെ സഹോദരന്മാർ അവർക്കു വേണ്ടി വട്ടംകൂട്ടിയിരുന്നു.
2യിസ്രായേലിൽ സന്തോഷമുണ്ടായിരുന്നതുകൊണ്ടു സമീപവാസികൾ, യിസ്സാഖാർ, സെബൂലൂൻ, നഫ്താലി എന്നിവർ കൂടെ, കഴുതപ്പുറത്തും ഒട്ടകപ്പുറത്തും കോവർകഴുതപ്പുറത്തും കാളപ്പുറത്തും, അപ്പം, മാവു, അത്തിപ്പഴക്കട്ട, ഉണക്കമുന്തിരിപ്പഴം, വീഞ്ഞ്, എണ്ണ എന്നിവയെയും കാളകളെയും വളരെ ആടുകളെയും കൊണ്ടുവന്നു.
3ദാവീദ്, സഹസ്രാധിപന്മാരോടും ശതാധിപന്മാരോടും സകലനായകന്മാരോടും ആലോചിച്ചശേഷം
4യിസ്രായേലിന്റെ സർവ്വസഭയോടും പറഞ്ഞതു: നിങ്ങൾക്കു സമ്മതവും നമ്മുടെ ദൈവമായ യഹോവെക്കു ഹിതവും ആകുന്നു എങ്കിൽ നാം യിസ്രായേൽദേശത്തെല്ലാടവുമുള്ള നമ്മുടെ ശേഷം സഹോദരന്മാരും അവരോടുകൂടെ പുൽപുറങ്ങളുള്ള പട്ടണങ്ങളിൽ പാർക്കുന്ന പുരോഹിതന്മാരും ലേവ്യരും നമ്മുടെ അടുക്കൽ വന്നുകൂടേണ്ടതിന്നു എല്ലാടവും ആളയക്കുക.
5നമ്മുടെ ദൈവത്തിന്റെ പെട്ടകം വീണ്ടും നമ്മുടെ അടുക്കൽ കൊണ്ടുവരിക; ശൌലിന്റെ കാലത്തു നാം അതിനെ ഗണ്യമാക്കിയില്ലല്ലോ.

6ഈ കാര്യം സകലജനത്തിന്നും ബോധിച്ചതുകൊണ്ടു അങ്ങനെ തന്നേ ചെയ്യേണമെന്നു സർവ്വസഭയും പറഞ്ഞു.
7ഇങ്ങനെ ദാവീദ് ദൈവത്തിന്റെ പെട്ടകം കിർയ്യത്ത്-യെയാരീമിൽനിന്നു കൊണ്ടുവരേണ്ടതിന്നു മിസ്രയീമിലെ ശീഹോർ തുടങ്ങി ഹമാത്ത് പ്രദേശംവരെയുള്ള എല്ലായിസ്രായേലിനെയും കൂട്ടി വരുത്തി.
8കെരൂബുകളുടെ മദ്ധ്യേ അധിവസിക്കുന്ന യഹോവയായ ദൈവത്തിന്റെ തിരുനാമം വിളിക്കപ്പെടുന്ന പെട്ടകം കൊണ്ടു വരേണ്ടതിന്നു ദാവീദും യിസ്രായേലൊക്കെയും യെഹൂദയോടു ചേർന്നു കിർയ്യത്ത്-യെയാരീമെന്ന ബയലയിൽ ചെന്നു.
9അവർ ദൈവത്തിന്റെ പെട്ടകം അബീനാദാബിന്റെ വീട്ടിൽനിന്നെടുത്തു ഒരു പുതിയ വണ്ടിയിൽ കയറ്റി; ഉസ്സയും അഹ്യോവും വണ്ടിതെളിച്ചു.
10ദാവീദും എല്ലായിസ്രായേലും ദൈവത്തിന്റെ സന്നിധിയിൽ പൂർണ്ണശക്തിയോടെ പാട്ടുപാടിയും കിന്നരം, വീണ, തപ്പു, കൈത്താളം, കാഹളം എന്നീ വാദ്യങ്ങൾ ഘോഷിച്ചുംകൊണ്ടു നൃത്തംചെയ്തു.

11അവർ കീദോൻ കളത്തിന്നു സമീപം എത്തിയപ്പോൾ കാള വിരളുകകൊണ്ടു ഉസ്സാ പെട്ടകം പിടിപ്പാൻ കൈ നീട്ടി.
12അപ്പോൾ യഹോവയുടെ കോപം ഉസ്സയുടെ നേരെ ജ്വലിച്ചു; അവൻ തന്റെ കൈ പെട്ടകത്തിങ്കലേക്കു നീട്ടിയതുകൊണ്ടു അവനെ ബാധിച്ചു, അവൻ അവിടെ ദൈവസന്നിധിയിൽ മരിച്ചുപോയി.
13യഹോവ ഉസ്സയെ ഛേദിച്ച ഛേദംനിമിത്തം ദാവീദിന്നു വ്യസനമായി: അവൻ ആ സ്ഥലത്തിന്നു പേരെസ്-ഉസ്സാ എന്നു പേർ വിളിച്ചു.
14ഇതു ഇന്നുവരെയും പറഞ്ഞുവരുന്നു. അന്നു ദാവീദ് ദൈവത്തെ ഭയപ്പെട്ടുപോയി: ഞാൻ ദൈവത്തിന്റെ പെട്ടകം എങ്ങനെ എന്റെ അടുക്കൽ കൊണ്ടുവരേണ്ടു എന്നു പറഞ്ഞു.
You have read 1Chronicles 13
14 verses